NEWS

എന്തുകൊണ്ടാണ് കല്ലിൽ അരച്ച അരപ്പ് ചേർത്ത കറിയും മിക്സിയിൽ അരച്ച അരപ്പ് ചേർത്ത കറിയും തമ്മിൽ രുചി വ്യത്യാസം തോന്നാറുള്ളത്?

മിക്സിയിൽ അരക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം- രണ്ടോ നാലോ മൂർച്ചയുള്ള ബ്ലേഡുകൾ, അതിനെ കറങ്ങാൻ സഹായിക്കുന്നതിനായി നേരെ അടിയിൽ ഒരു ഇലക്ട്രിക് മോട്ടോർ. ഏതൊരു മിക്സിയെടുത്താലും കാര്യങ്ങൾ ഏറെക്കുറെ ഇങ്ങനെ തന്നെയായിരിക്കും. നമ്മൾ ചേർക്കുന്ന തേങ്ങ, ഉള്ളി, മസാലകൾ എന്നിവയെല്ലാം അതിവേഗം കറങ്ങുന്ന ഈ ബ്ലേഡുകളുടെ ചലനത്താൽ ചെറുതരികളാക്കപ്പെടുകയാണ് ചെയ്യുന്നത്. കുറച്ചു സമയം കൊണ്ട് അതിനെ വീണ്ടും വീണ്ടും ചെറുതാക്കി മുറിച്ചെടുക്കുന്നു. വിരലുകൾ കൊണ്ട് തിരുമ്മി നോക്കുമ്പോൾ തരികൾ കാര്യമായൊന്നും കിട്ടിയില്ലെങ്കിൽ അരഞ്ഞു എന്നും നമ്മൾ തീരുമാനിക്കും.
പക്ഷെ ഇതിനിടയിൽ ഒരു സംഭവം കൂടിയുണ്ട്. ബ്ലേഡിനെ കറങ്ങാൻ സഹായിക്കുന്ന മോട്ടോറാശാൻ ഇത്രയും സമയം പണിയെടുപ്പിച്ചതിനാൽ നന്നായി ദേഷ്യപ്പെട്ടിട്ടുണ്ടാവും. അതിയാന്റെ ചൂട് ജാറിലേക്കും പകർന്ന് നമ്മുടെ അരപ്പും ഏറെക്കുറെ ചൂടായിക്കാണും. ഈ രണ്ടു കാര്യങ്ങളാണ് മിക്സിയിൽ അരക്കുന്ന കൂട്ടുകളുടെ രുചിയെ ബാധിക്കുന്നത്. ഇതിനെ ഒരു പരിധി വരെ കുറക്കാൻ വഴിയുണ്ട്. ഒന്നുകിൽ അരക്കാനുള്ള കൂട്ട് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. അല്ലെങ്കിൽ അരക്കുമ്പോൾ വെള്ളത്തിന് പകരം ഐസ് ചേർക്കുക. ഇങ്ങനെ ചെയ്‌താൽ മോട്ടോറിന്റെ തലയിൽ നെല്ലിക്കാത്തളം വെച്ച പ്രതീതിയാവും, പെട്ടെന്നൊന്നും ചൂടാവില്ല. അരപ്പിന്റെ രുചി വ്യത്യാസം ഒരു പരിധി വരെ തടയാനും കഴിയും.
കല്ലിൽ (അമ്മിയിൽ) അരക്കുമ്പോൾ സംഭവിക്കുന്നത് ഫ്രിക്ഷൻ ആണ്. ഈ പ്രവൃത്തിയിലും ചൂടുൽപ്പാദിപ്പിക്കപ്പെടുമെങ്കിലും സാവധാനമുള്ള ചലനവും ഓരോ സൈക്കിളിന്റെ ഇടക്കുള്ള ചെറിയ ഇടവേളകളും ആ ചൂടിനെ അരപ്പിലേക്കു കടക്കുന്നതിനു മുൻപേ ഇല്ലാതാക്കുന്നു. ഈ രണ്ടു കാര്യങ്ങളും ഒഴിവാക്കപ്പെടുന്നത് കൊണ്ടാണ് കല്ലിന്റെ ഗ്രൈൻഡർ ദീർഘനേരം ഉപയോഗിക്കുമ്പോൾ അരപ്പിന് രുചിവ്യത്യാസം വരാവുന്നത്.

Back to top button
error: