എസ്ബിഐയ്ക്ക് പിന്നാലെ എംസിഎല്‍ആര്‍ വര്‍ധനയുമായി ആക്‌സിസ് ബാങ്ക്

എസ്ബിഐയ്ക്ക് പിന്നാലെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ (എംസിഎല്‍ആര്‍) വര്‍ധനയുമായി ആക്‌സിസ് ബാങ്ക്. അഞ്ച് ബേസിസ് പോയിന്റ് (0.05 ശതമാനം) ആണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നു. ഒരു മാസം, മൂന്ന് മാസം, അര്‍ധവാര്‍ഷികം എന്നീ കാലയളവിലുള്ള എംസിഎല്‍ആറിന്റെ നിരക്കുകളിലാണ് വര്‍ധന. 7.15 ശതമാനം, 7.25 ശതമാനം, 7.30 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷം കാലയളവില്‍ എംസിഎല്‍ആര്‍ 7.35 ശതമാനവും രണ്ട് വര്‍ഷം കാലയളവിലേത് 7.45 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.50 ശതമാനവുമാണ്.

കഴിഞ്ഞ ദിവസം എസ്ബിഐ എംസിഎല്‍ആറില്‍ 10 ബേസിസ് പോയിന്റ് (0.1 ശതമാനം) ആണ് വര്‍ധനയാണ് വരുത്തിയത്. ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഏപ്രില്‍ 12 മുതല്‍ ബാങ്ക് ഓഫ് ബറോഡയും എംസിഎല്‍ആര്‍ അഞ്ച് ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കോഡക് മഹിന്ദ്ര, ബാങ്ക് ഓഫ് ബറോഡ എന്നിവയും എംസിഎല്‍ആര്‍ ഈയിടെ ഉയര്‍ത്തിയിരുന്നു. എംസിഎല്‍ആറിന്റെ വര്‍ധന സാധാരണയായി കടം വാങ്ങുന്നവരുടെ പലിശയില്‍ വര്‍ധനയ്ക്ക് കാരണമാകും. പുതിയ എംസിഎല്‍ആര്‍ നിരക്ക് മാര്‍ജിന്‍ അടക്കം റീസെറ്റിന് ശേഷം വരുന്ന ഇഎംഐ യില്‍ പ്രതിഫലിക്കും. 2016 ഏപ്രില്‍ ഒന്നിന് ശേഷം എടുത്ത ഭവനവായ്പകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വായ്പകളും ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് ചട്ടം.

പുതിയ നിരക്കുകള്‍ വ്യക്തിഗത വായ്പാ ഉപഭോക്താക്കളുടെ അതാത് റീസെറ്റ് പീരിയഡ് മുതല്‍ ബാധകമാകും. വായ്പകള്‍ അനുവദിക്കുന്ന തീയതിയുമായി ബന്ധപ്പെട്ടാണ് അതിന്റെ റീസെറ്റ് നടക്കുക. സാധാരണ നിലയില്‍ റിസെറ്റ് ഒരു വര്‍ഷത്തെ കാലയളവിലോ അല്ലെങ്കില്‍ ആറ് മാസത്തെ കാലയളവിലോ ആണ് ഉണ്ടാകുക. ഇത് വായ്പ എടുക്കുന്ന ആളും ബാങ്കും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിലാകും. പുതിയ എംസിഎല്‍ആര്‍ നിരക്ക് മാര്‍ജിന്‍ അടക്കം റീസെറ്റിന് ശേഷം വരുന്ന ഇഎംഐ യില്‍ പ്രതിഫലിക്കും. വായ്പാ പലിശ നിരക്ക് നിലവില്‍ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. ആര്‍ ബി ഐ വായ്പാ നയത്തില്‍ ഇക്കുറിയും മാറ്റമൊന്നും വരുത്തിയിരുന്നില്ല. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version