NEWS

അട്ടപ്പാടിയിലേക്ക് പുതിയ റോഡ്

പാലക്കാട്: നിലവിലുള്ള ചുരം റോഡിന് ബദലായി അട്ടപ്പാടിയിലേക്ക് പുതിയ റോഡിനുള്ള സാധ്യതാ പഠനം നടത്തി. അട്ടപ്പാടിയിലെ പാറവളവില്‍ നിന്നും ആരംഭിച്ച്‌ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ പൂഞ്ചോല- ചിറക്കല്‍പടി എത്തുന്ന സമാന്തര റോഡാണ് ഇത്. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്.
മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ.എന്‍.ഷംസുദ്ദീനും,കോങ്ങാട് എം എല്‍ എ ശാന്തകുമാരിയും,സി സി എഫ്,ഡി എഫ് ഒ,തുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം,മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് പുതുതായി റോഡ് നിര്‍മ്മിക്കേണ്ട 7കിലോമീറ്ററോളം ദൂരം കാല്‍നടയായി സഞ്ചരിച്ച്‌ സാധ്യതാ പരിശോധന നടത്തി.ഇതില്‍ 3കിലോമീറ്ററോളം വനത്തിലൂടെയായിരുന്നു യാത്ര. റോഡ് നിര്‍മ്മിക്കാന്‍ വനഭൂമി അനുവദിച്ചു തന്നാല്‍ പകരം വന വല്‍ക്കരണത്തിന് അട്ടപ്പാടിയില്‍ ഭൂമി നല്‍കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.
2013-14 വര്‍ഷത്തില്‍ എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിയമസഭയില്‍ സബ്‌മിഷന്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സാധ്യത പഠനത്തിന് 60ലക്ഷം രൂപ അനുവദിച്ചിരുന്നു.പിന്നീടുള്ള വര്‍ഷങ്ങളിലൊക്കെ മണ്ണാര്‍ക്കാട്, കോങ്ങാട് എം എല്‍ എ മാര്‍ ഇക്കാര്യത്തിനായി നിയമസഭയില്‍ വാദിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല എന്ന് മാത്രം.

Back to top button
error: