KeralaNEWS

തുടർ വികസനത്തിന് സ്ഥലമില്ല, ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിൽ 

കൊച്ചി: സ്മാര്‍ട്ട് സിറ്റി കിതക്കുമ്പോഴും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലുണ്ടായത് വലിയ വികസന കുതിപ്പാണ്. തുടക്കത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി യുഡിഎഫ് സര്‍ക്കാര്‍ ടീകോമിന് കൈമാറാന്‍ ഒരുങ്ങിയ ഇന്‍ഫോപാര്‍ക്കില്‍ പത്ത് വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം തൊഴിലവസരങ്ങളുണ്ടായി. എന്നാല്‍ കെ റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിലാണ്. സ്മാര്‍ട്ട് സിറ്റി കമ്പനികളെ കാത്തിരിക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്ക് തുടര്‍ വികസനങ്ങള്‍ക്ക് സ്ഥലമില്ലാത്ത അവസ്ഥയിലാണ്.

2004ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി വിഭാവനം ചെയ്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പടെ ടീകോമിന് കൈമാറിയുള്ള കരാറായിരുന്നു തയ്യാറാക്കിയത്. വലിയ വികസനമെത്താന്‍ ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിക്കായി വിട്ട് നല്‍കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും നിലപാടെടുത്തു. എല്‍ഡിഎഫ് പ്രതിഷേധം ശക്തമായതോടെ കരാറില്‍ കാതലായ മാറ്റങ്ങളുണ്ടായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറി വി എസ് സര്‍ക്കാര്‍ ഭരണത്തിലെത്തിയപ്പോള്‍ ഇന്‍ഫോപാര്‍ക്ക് കൈമാറുന്നത് കരാറില്‍ നിന്ന് ഒഴിവാക്കി. ഒടുവില്‍ 2011 ല്‍ വി എസ് സര്‍ക്കാര്‍ തന്നെ ടീകോമുമായി കരാര്‍ ഒപ്പിട്ടു. പ്രത്യേക സാമ്പത്തിക മേഖല പദവി നല്‍കി 246 ഏക്കര്‍ ടീകോമിന് കൈമാറി.

പത്ത് വര്‍ഷത്തിനിപ്പുറം സ്മാര്‍ട്ട് സിറ്റി വികസനം എവിടെയും എത്താതെ നില്‍ക്കുമ്പോള്‍ അന്ന് സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെടുമായിരുന്ന ഇന്‍ഫോപാര്‍ക്ക് ഇന്ന് നേടിയത് അഭിമാനകരമായ വളര്‍ച്ചയാണ്. 225 ല്‍ 150 ഏക്കര്‍ ഭൂമി മാത്രമാണ് ഇന്‍ഫോപാര്‍ക്കില്‍ പ്രത്യേക സാമ്പത്തിക മേഖല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്‍ഫോപാര്‍ക്കിലെ കമ്പനികളുടെ എണ്ണം 125 ല്‍ നിന്ന് 412 ലെത്തി. ജീവനക്കാര്‍ 18,220ല്‍ നിന്ന് 55,000 ലേക്കും ഉയര്‍ന്നു. ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് വണ്ണില്‍ 3.6 ഏക്കര്‍ ഭൂമി മാത്രമാണ് വികസിപ്പിക്കാനായി ഇനിയുള്ളത്. ഫെയ്‌സ് രണ്ടില്‍ ബാക്കിയുള്ള 50 ശതമാനം ഭൂമി വിവിധ കമ്പനികള്‍ക്കായി അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഭാഗത്തിലൂടെയാണ് ഡിപിആര്‍ പ്രകാരം കെ റെയില്‍ കടന്ന് പോകുന്നത്. അതിവേഗ റെയില്‍പാതയുടെ എറണാകുളം ജില്ലയിലെ സ്റ്റേഷനും പണിയേണ്ടതും ഫെയ്‌സ് 2 വിലെ ഭൂമിയിലാണ്. കെ- റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇന്‍ഫോപാര്‍ക്കിന് തുടര്‍വികസനത്തിന് സ്ഥലമില്ലാതാകും.

ഭാവിയില്‍ ഐടി ഇടനാഴികള്‍ വഴി വികേന്ദ്രീകൃത ഐടി പാര്‍ക്കുകള്‍ വരുമെങ്കിലും പ്രധാന ഐടി പാര്‍ക്കുകളുടെ പ്രസക്തി കുറയില്ലെന്നാണ് വിലയിരുത്തല്‍. കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോമിന് പരിമിതികള്‍ ഏറെയുണ്ട്. ഡേറ്റ സെക്യൂരിറ്റി ഉള്‍പ്പടെ കണക്കിലെടുത്ത് കമ്പനികള്‍ വര്‍ക്ക് ഫ്രം ഓഫീസിലേക്ക് തന്നെ മാറും. കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ നിക്ഷേപങ്ങള്‍ക്കൊന്നും സ്ഥലമില്ലാതാകും. അങ്ങനെയെങ്കില്‍ കൊച്ചിയില്‍ പുതിയ വികസന പദ്ധതികള്‍ക്കായി സ്മാര്‍ട് സിറ്റിയിലേക്ക് തന്നെ നിക്ഷേപകരെക്കാനും സാധ്യതകളേറെ. സര്‍ക്കാര്‍ ഐടി പാര്‍ക്കിന്റെ ഇനിയുള്ള വളര്‍ച്ച അനിശ്ചിത അവസ്ഥയിലാണ്. സ്മാര്‍ട്ട് സിറ്റിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സമയബന്ധിതമായി നേടിയെടുത്തില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഐടി വികസനത്തെ തന്നെ ഇത് ബാധിക്കും.

 

Back to top button
error: