CrimeNEWS

പാലക്കാട്ടെ ഇരട്ടക്കൊലപാതകം: ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുടര്‍ന്നെന്ന് എഫ്‌ഐആര്‍

പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസന്‍ കേസിലെ പ്രതികളെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അതേ സമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിലുള്ളത്. ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്‌കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കും.

 

Back to top button
error: