CrimeNEWS

പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; കര്‍ശന നടപടിയെന്ന് പൊലീസ്

തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് പൊലീസ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് വ്യക്തമാക്കി. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും.

അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

24 മണിക്കൂറുകൾക്കിടെ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്ന് രണ്ടാമത്തെ കൊലപാതകവുമുണ്ടായി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളില്‍കയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്.

Back to top button
error: