IndiaNEWS

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നും ജയം

കൊൽക്കത്ത: ബം​ഗാളിൽ ഒരു ലോക്സഭാ സീറ്റിലേക്കും  നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് മിന്നും ജയം. അസൻസോൾ ലോക്സഭ സീറ്റീൽ ആദ്യമായി തൃണമൂൽ വിജയിച്ചു. കോൺ​ഗ്രസിൽ നിന്ന് തൃണമൂലിലെത്തിയ ശത്രുഘൻ സിൻഹയാണ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്. ബാലിഗഞ്ച് നിയമസഭ സീറ്റിൽ തൃണമൂൽ കോൺഗ്രസിന്റെ ബാബുൽ സുപ്രിയോ സിപിഎമ്മിന്റെ സയിറാ ഷാ ഹാലിമിനെ തോൽപ്പിച്ചു.

കേന്ദ്രമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ രാജിവച്ച സാഹചര്യത്തിലാണ് അസൻസോൾ ലോക്സഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയ ശത്രുഘൻ സിൻഹക്കാണ് തൃണമൂൽ സീറ്റ് നൽകിയത്. വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ രണ്ടരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശത്രുഘൻ സിൻഹ വിജയിച്ചു. സിപിഎം സ്ഥാനാർത്ഥി പാർത്ഥ മുഖർജിക്ക് എട്ടു ശതമാനം വോട്ടു കിട്ടി. ഇതാദ്യമായാണ് തൃണമൂൽ കോൺഗ്രസ് അസൻസോൾ മണ്ഡലത്തിൽ വിജയിക്കുന്നത്.

കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭ സീറ്റിൽ തൃണമൂൽ സ്ഥാനാർത്ഥിയായ ബാബുൽ സുപ്രിയോ 19000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിന്റെ സയിറാ ഷാ ഹാലിം ആണ് ഇവിടെ രണ്ടാമതെത്തിയത്. ബിജെപി മൂന്നാം സ്ഥാനത്തായി. തൃണമൂൽ സർക്കാരിന്റെ നയങ്ങൾക്ക് കിട്ടിയ അംഗീകാരമെന്ന് മമത ബാനർജി പ്രതികരിച്ചു.

ബീഹാറിലെ ബോച്ചാഹൻ മണ്ഡലത്തിൽ ആർജെഡി വിജയിച്ചു. എൻഡിഎക്കൊപ്പമുണ്ടായിരുന്ന വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ സീറ്റാണ് ആർജെഡി പിടിച്ചെടുത്തത്. ബിജെപിയും വിഐപിയും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിച്ചത്. ഇതോടെ ബിഹാറിലെ 243അംഗ സഭയിൽ എൻഡിഎ സംഖ്യ 124 കുറഞ്ഞു.

ഛത്തീസ്ഗഡിലെ കൈരാഗഡ് സീറ്റ് അജിത് ജോഗിയുടെ ജനത കോൺഗ്രസിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ കോലാപൂർ നോർത്ത് സീറ്റ് കോൺഗ്രസ് നിലനിർത്തി. യുപിയിലെ ബിജെപി വിജയത്തിനു ശേഷം പ്രതിപക്ഷത്തിന് ചെറിയെ ആശ്വാസം നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. അസൻസോൾ സീറ്റു കൂടി നഷ്ടമായതോടെ ലോക്സഭയിലെ ബിജെപി സംഖ്യം 301 ആയി കുറഞ്ഞു.

Back to top button
error: