KeralaNEWS

പാലക്കാട് ചോരപ്പുഴ, എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പ് ആർ.എസ്.എസ് നേതാവിനെ വകവരുത്തി

പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റുകൊല്ലപ്പെട്ട പാലക്കാട് ജില്ലയിൽ വീണ്ടും ആക്രമണം. നഗരത്തിലെ മേലാമുറിയിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസ് വെട്ടേറ്റു മരിച്ചു. മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയിൽ കയറിവെട്ടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരണം സംഭവിച്ചു.

കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ പാലക്കാട് എലപ്പുള്ളിയിൽ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൊലപാതകം.

അക്രമികൾ മൂന്ന് സ്കൂട്ടറുകളിലായി അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികൾ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.

മേലാമുറിയിൽ ദീർഘനാളായി വാഹന കച്ചവടം നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ.ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.

ഇതിനിടെ പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നത്. ഈ കാർ ഉപേക്ഷിച്ച നിലയിൽ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു.

രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നൽകിയ അലിയാർ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. ഇത് ഉപയോ​ഗിക്കുന്നത് അലിയാർ ആണ്. അമ്പലത്തിൽ പോകാനാണ് എന്ന് പറഞ്ഞാണ് രാവിലെ 9.30ന് കാർ രമേശ് കൊണ്ടുപോയത്. സംഭവം നടന്ന ശേഷം രമേശിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാർ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കെ.കൃപേഷ് എന്നയാളിൻ്റെ പേരിലുള്ളതാണ് ഓൾട്ടോ കാർ.

ഇന്നലെ രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി സമീപത്തെ കടയുടമ രമേശ് കുമാർ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളിസംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്.

കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: