NEWSWorld

അല്‍ അഖ്‌സ പള്ളി പരിസരത്ത് ഇസ്രയേല്‍ പൊലീസിന്റെ റെയ്ഡ്, സംഘര്‍ഷം; 152 പലസ്തീന്‍കാര്‍ക്ക് പരുക്ക്

ജറുസലം: കിഴക്കന്‍ ജറുസലമിലെ അല്‍ അഖ്‌സ പള്ളി പരിസരത്ത് ഇസ്രയേല്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സംഘര്‍ഷം. 152 പലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. അടുത്തിടെയായി ഉണ്ടാകുന്ന ചെറിയ സംഘര്‍ഷങ്ങള്‍ മേഖലയില്‍ വലിയ സംഘര്‍ഷത്തിനു വഴിതുറക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. റബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചതും പൊലീസ് ബാറ്റണുകള്‍ കൊണ്ടുള്ള മര്‍ദ്ദനവുമാണ് പരുക്കുകള്‍ക്കു കാരണമെന്ന് പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു.

നൂറുകണക്കിനു പലസ്തീന്‍കാര്‍ പടക്കങ്ങളും കല്ലുകളും മറ്റും ഇസ്രയേല്‍ സേനയ്ക്കുനേരെയും സമീപത്തുള്ള ജൂത പ്രാര്‍ഥനാ മേഖലയിലേക്കും എറിഞ്ഞതായി ഇസ്രയേല്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ഥിതി ശാന്തമാക്കാനാണ് പൊലീസ് പള്ളിയുടെ പരിസരത്തു പ്രവേശിച്ചതെന്നും സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ വക്താവ് അറിയിച്ചു.

അതേസമയം, അക്രമത്തില്‍ ഇസ്രയേലിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം നിലപാടെടുത്തു. അല്‍ അഖ്‌സ പള്ളിക്കുനേരെയുള്ള ഇസ്രയേലിന്റെ അതിക്രമം തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദെയ്‌നെ പറഞ്ഞു. സംഘര്‍ഷത്തിന്റെ ഉത്തരവാദികളായ ഇസ്രയേല്‍ അതിന്റെ പരിണിതഫലം കൂടി അനുഭവിക്കണമെന്ന് ഗാസ മുനമ്പിന്റെ നിയന്ത്രണം ഉള്ള ഹമാസും വ്യക്തമാക്കി.

Back to top button
error: