NEWS

യാക്കോബായ- ഓര്‍ത്തഡോക്സ്‌ സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമ നിര്‍മ്മാണം നടത്തി പരിഹരിക്കണം: വെള്ളാപ്പള്ളി നടേശൻ

ചേര്‍ത്തല: യാക്കോബായ- ഓര്‍ത്തഡോക്സ്‌ സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം നടത്തി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ എസ്.എന്‍.ഡി.പി യോഗം സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ഒരു നൂ​റ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കവും വ്യവഹാരങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കേരളത്തിലെ പൊതുസമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് .കോടതിവിധികളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന നിയമനിര്‍മ്മാണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സഭാതര്‍ക്കം ഹിതപരിശോധനയിലൂടെ പരിഹരിക്കുക എന്നത് പുതിയ കാര്യമല്ല. സഭയുടെ തര്‍ക്കങ്ങള്‍ ഹിതപരിശോധനയിലൂടെ മുമ്ബും പരിഹരിക്കപ്പെട്ടിട്ടുണ്ട്. യാക്കോബായ- കത്തോലിക്കാ സഭയുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷ- ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ഭാഗിച്ച്‌ പിരിഞ്ഞായിരുന്നു. ഭാഗംവയ്പില്‍ യാക്കോബായ സഭയ്ക്ക് 45 പള്ളികളും കത്തോലിക്കാ സഭയ്ക്ക് 24 പള്ളികളുമാണ്‌ ലഭിച്ചത്.

 

യാക്കോബായ- മര്‍ത്തോമ്മാ സഭാതര്‍ക്കം പരിഹരിച്ചതും പള്ളികള്‍ ഭൂരിപക്ഷം നോക്കി വിട്ടുകൊടുത്താണ്. റോയല്‍ കോര്‍ട്ട്‌ വിധിയില്‍ മര്‍ത്തോമ്മാ സഭ പരാജയപ്പെട്ടിരുന്നു. എന്നാല്‍, കേസില്‍ ജയിച്ച യാക്കോബായ സഭ പൊലീസിനെ ഉപയോഗിച്ച്‌ മര്‍ത്തോമക്കാരുടെ കൈവശമുണ്ടായിരുന്ന പള്ളികള്‍  ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയല്ല ചെയ്തത്. മര്‍ത്തോമാ സഭയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പള്ളികള്‍ അവര്‍ക്കു തന്നെ സന്തോഷത്തോടെ വിട്ടുകൊടുക്കുകയായിരുന്നു.

 

 

മതവൈരവും സാമുദായിക കലഹങ്ങളും മറന്ന്‌ കേരള ജനതയെ ഏകോദരസഹോദരങ്ങളായി നിലനിറുത്തേണ്ടത് എസ്.എന്‍.ഡി.പി യോഗത്തിന്റെ കടമയാണ്. യാക്കോബായ- ഓര്‍ത്തഡോക്സ്‌ സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമ നിര്‍മ്മാണം നടത്തി, വിശ്വാസികളുടെ ഹിതം നോക്കി പരിഹരിക്കണമെന്നതാണ് യോഗത്തിന്റെ നിലപാട്. തര്‍ക്ക പരിഹാരത്തിന് ജസ്​റ്റിസ്‌ കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള നിയമനിര്‍മ്മാണത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Back to top button
error: