2 കോടി രൂപ സമ്മാനമുള്ള ഗ്ലോബല്‍ നഴ്‌സസ്‌ അവാര്‍ഡിനുള്ള പരിഗണനാപ്പട്ടികയില്‍ മലയാളി വനിതയും

ഇരിങ്ങാലക്കുട: ആസ്‌റ്റര്‍ ഗാര്‍ഡിയന്‍സ്‌ ഗ്ലോബല്‍ നഴ്‌സസ്‌ അവാര്‍ഡിനുള്ള പരിഗണനാപ്പട്ടികയില്‍ ഇടം നേടി മലയാളി വനിത.ഇരിങ്ങാലക്കുട താലൂക്ക്‌ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ്‌ ഓഫീസറും പുത്തന്‍ചിറ സ്വദേശിനിയുമായ ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ ആണ്‌ 84 ലോക രാഷ്‌ട്രങ്ങളില്‍നിന്നുള്ള 24000 നഴ്‌സ്‌മാരില്‍നിന്നു മികച്ച നഴ്‌സിനുള്ള അന്തര്‍ദേശീയ(ഇന്റര്‍നാഷണല്‍) അവാര്‍ഡിന്റെ പരിഗണന പട്ടികയിലെ പത്തില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത്‌. അടുത്ത മാസം 12ന്‌ ദുബായില്‍ നടക്കുന്ന ചടങ്ങിലാണ്‌ അവാര്‍ഡ്‌ പ്രഖ്യാപനം.
 കേരളത്തില്‍നിന്ന്‌ ലിന്‍സി മാത്രമാണ്‌ പട്ടികയിലുള്ളത്‌.രണ്ടു കോടിയോളം രൂപയാണ്‌ അവാര്‍ഡ്‌ തുക.2016ല്‍ ദേശീയ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേള്‍ നഴ്‌സസ്‌ അവാര്‍ഡ്‌,സര്‍ക്കാര്‍ മേഖലയിലെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ്‌, ഭാരത കേരള കത്തോലിക്കാ സഭ എക്‌സലന്‍സ്‌ അവാര്‍ഡ്‌, 2021ലെ ദേശീയതലത്തില മലയാള മനോരമയുടെ കാവല്‍മാലാഖ പുരസ്‌കാരം, ഏഷ്യാനെറ്റ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌, ഇരിങ്ങാലക്കുട രൂപത സി.എല്‍.സി. ഏര്‍പ്പെടുത്തിയ ആദരണം 2022, കെ.സി.വൈ.എം. ഏര്‍പ്പെടുത്തിയ തേജസ്വനി 2021 എന്നിവ ലഭിച്ചിട്ടുണ്ട്‌.
 വെള്ളിക്കുളങ്ങര മാളിയേക്കല്‍ പടിക്കൽ ജോസിന്റെ മകളാണ്‌.ഭര്‍ത്താവ്‌ പീറ്റര്‍ പഴയാറ്റില്‍. റോസ്‌ മരിയ പീറ്റര്‍, പോള്‍ജോ പീറ്റര്‍ എന്നിവര്‍ മക്കളാണ്‌.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version