നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 തവണ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വിലയിരുത്തല്‍

രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7 ശതമാനത്തിനടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം 4 തവണയെങ്കിലും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വിലയിരുത്തല്‍. ജൂണിലെ പണവായ്പ അവലോകന യോഗത്തില്‍ ആദ്യനിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റ നിരക്ക് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 0.50 ശതമാനം മുതല്‍ 2 ശതമാനം വരെ നിരക്കില്‍ വര്‍ധനയുണ്ടായേക്കാം.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശാരശരി പണപ്പെരുപ്പം 6.2 ശതമാനമാകുമെന്നാണ് വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം, 5.7 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. എട്ട് എംപിസി യോഗങ്ങളിലായി കാല്‍ ശതമാനം വീതം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. 4 തവണയായി നിരക്കില്‍ ഒരു ശതമാനമെങ്കിലും വര്‍ധന വരുത്തിയേക്കുമെന്ന് ബാര്‍ക്ലെയ്സ് പറയുന്നു. എംകെ ഗ്ലോബലും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്.

അതേസമയം, എസ്ബിഐ പ്രതീക്ഷിക്കുന്നത് മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, ബാങ്ക് ഓഫ് ബറോഡ എന്നിവ അരശതമാനം വര്‍ധന നടപ്പ് സാമ്പത്തിക വര്‍ഷത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇത്തവണ കൂടി നിരക്ക് വര്‍ധനവില്‍ നിന്ന് ആര്‍ബിഐ വിട്ടുനിന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version