NEWS

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച പില്‍ഗ്രിം സെന്‍റര്‍ തുറന്നു നൽകി

ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്ന ഏറ്റവും മികച്ച സൗകര്യം

കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച പില്‍ഗ്രിം സെന്‍റര്‍ തുറന്നുനൽകി.മൂന്നുനിലകളുള്ള ഇതി‍െന്‍റ ആദ്യ നിലയാണ് തുറന്നുനല്‍കിയിരിക്കുന്നത്. ശബരിമലയില്‍ വിഷുക്കണി ദര്‍ശിക്കാനെത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് ഒരുഭാഗം ഇപ്പോൾ തുറന്നത്.മറ്റ് രണ്ടുനിലകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അഞ്ചുകോടി ചെലവാക്കിയാണ് സെന്‍റര്‍ നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ പഴയ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്നാണ് സംവിധാനം.സ്റ്റേഷന്‍ നവീകരണ ഭാഗമായാണ് പില്‍ഗ്രിം സെന്‍റര്‍ നിര്‍മിച്ചത്.ഒരേസമയം 250 തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാം. 40 ശൗചാലയവും കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയിലും മൂന്നാം നിലയിലുമാണ് ശൗചാലയ സൗകര്യം ഉണ്ടാകുക.അടുത്ത മണ്ഡലകാലം ആകുമ്ബോഴേക്കും പൂര്‍ണമായും ഇത് തുറന്നു നൽകാൻ സാധിക്കും എന്നാണ് കരുതുന്നത്.

 

ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്ന ഏറ്റവും മികച്ച സൗകര്യമാണ് ഇവിടുത്തേത്.തീര്‍ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന സ്റ്റേഷനുകളിൽ ഒന്നാണ് കോട്ടയം.നിലവിലെ കോട്ടയം റെയില്‍വേ സ്റ്റേഷ‍ന്റ നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ട്രാക്കുകള്‍ സജ്ജമാകും.ഇതോടെ ശബരിമല തീര്‍ഥാടകര്‍ക്കുള്ള പ്രത്യേക സര്‍വിസുകള്‍ കോട്ടയം കേന്ദ്രീകരിച്ച്‌ നടത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

നിലവില്‍ കോട്ടയത്തും ചെങ്ങന്നൂരും ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രത്യേക ട്രെയിനുകള്‍ കൊല്ലത്തായിരുന്നു സര്‍വിസ് അവസാനിപ്പിച്ചിരുന്നത്.പുതിയ സാഹചര്യത്തില്‍ ഇത് കോട്ടയത്ത് മാറ്റാനാണ് ആലോചന.

Back to top button
error: