NEWS

വിഷു എത്തി, വിഷുപ്പക്ഷിയും..!! 

വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്.വിഷു പക്ഷി എന്നത് പുതു തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായിരിക്കും. വിഷുക്കാലമായാല്‍ ”വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി.വിഷുപ്പക്ഷിയെ ചക്കയ്ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാ കിളി എന്നെല്ലാം പലരും വിളിക്കാറുണ്ട്.ഇന്ത്യൻ കുക്കു എന്ന ഇംഗ്ലീഷിൽ പേരുള്ള ഇതിന്റെ ശാസ്ത്രീയനാമം Cuculus micropterus എന്നാണ്. 30-മുതൽ 35-സെന്റീമീറ്റർ നീളവും, 150-ഗ്രാം മാത്രം ഭാരവുമുള്ള ഒരു ചെറിയ പക്ഷിയാണിത്.
ചക്കക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി, വിഷുപ്പക്ഷി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു.മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനായാണ് മാർച്ച് ഏപ്രില്‍ മാസത്തോടെ ഈ പക്ഷികൾ കേരളത്തിൽ എത്തുന്നത്.(കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയെപ്പോലെ ഇവയെ ഇന്ന് നവംബർ മാസം മുതൽ  കേരളത്തിൽ കാണാം) കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക.
വിഷുപ്പക്ഷിയെ നേരിൽ കണ്ടവര്‍ ചുരുക്കമായിരിക്കും.മങ്ങിയ ചാര നിറമുള്ള , കറുത്ത പുള്ളികളുള്ള ഈ പക്ഷി ഏകദേശം പുള്ളിക്കുയിലിനെപ്പോലെ തന്നെയാണിരിക്കുന്നത്.ഇതിന് കുയിലിനേക്കാൾ അല്പം കുറികി തടിച്ച ശരീരമാണുള്ളത് എന്ന് മാത്രം. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ചക്കക്കുപ്പുണ്ടോ കുയിൽ അഥവാ വിഷുപ്പക്ഷി.
പണ്ടുകാലത്ത് പ്രധാനമായും വിഷു ഉത്സവ കാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീര ശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു കേരളത്തിൽ വ്യാപകമായി വിളിക്കുന്നത്. കൂടാതെ, പ്ലാവുകളിൽ ചക്ക വിളയുന്ന കാലവും ഇതുതന്നെയാണ്. (മേടം-ഇടവം/ഏപ്രിൽ-മേയ്-മാസങ്ങൾ).വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലമാണിത്. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറു കുയിൽ എത്തുന്നത്..!!
പൊതുവേ, നാണം കുണുങ്ങി പക്ഷിയായതു കാരണം ഇവയെ കണ്ടുകിട്ടുക എളുപ്പമല്ല, മാത്രമല്ല, വിഷുപ്പക്ഷിയുടെ കറുപ്പും ചാരയും കലർന്ന നിറം കാരണം ഇവയെ വൃക്ഷ ശിഖരങ്ങൾക്കിടയിൽ നിന്നും കുറച്ച് പ്രയാസമാണ് കണ്ടെത്തുന്നതും. ആൺപക്ഷിയും പെൺപക്ഷിയും കാഴ്ചയിൽ ഏതാണ്ട് , ഒരു പോലെയിരിക്കും. പെൺപക്ഷിയുടെ കഴുത്തിൽ ആൺപക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണുള്ളത്.നെഞ്ചിലും വാലിലും കൂടുതൽ ബ്രൗൺ നിറവുമായിരിക്കും.ഏപ്രിൽ- മെയ് മാസങ്ങളിലാണ് പ്രധാനമായും വിഷുപ്പക്ഷിയുടെ മുട്ടയിടീൽ കാലം.

Back to top button
error: