NEWS

വക്കം പുരുഷോത്തമൻ കേരള രാഷ്ട്രീയത്തിലെ ഭീഷ്മർ, 95ന്റെ നിറവിലും കെടാത്ത വീര്യം

മൂന്നുതവണ മന്ത്രി, രണ്ടുതവണ സ്പീക്കർ, രണ്ടുതവണ എം.പി, പിന്നെ മിസോറാം, ആൻഡമാൻ ഗവർണർ… (ഇതിനിടയിൽ ഒരു മാസം ത്രിപുരയിലും ഗവർണർ) വക്കം പുരുഷോത്തമൻ്റെ രാഷ്ട്രീയഗരിമക്കു പകരം വയ്ക്കാൻ ചുരുക്കം നേതാക്കളേ ഇന്ന് കേരളത്തിലുള്ളു.

ഇന്നലെ 95 തികഞ്ഞ കോൺഗ്രസിലെ മുതിർന്ന നേതാവായ വക്കം പുരുഷോത്തമൻ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചെങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ സദാ ശ്രദ്ധാലുവാണ്. 95 വയസ്സിന്റെ നിറവിലും കൂടുതൽ സമയം മാറ്റിവയ്ക്കുന്നത് പത്രവായനയ്ക്കും വാർത്താ ചാനലുകൾ കാണുന്നതിനും തന്നെ.
കുമാരപുരം പൊതുജനം റോഡിലെ വീട്ടിൽ ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. ലില്ലിക്കും കൊച്ചുമകൾ അഞ്ജുവിനും കുടുംബത്തിനുമൊപ്പമാണ് താമസം. മൂത്തമകൻ പരേതനായ ബിജുവിന്റെ മകളാണ് അഞ്ജു. ഇന്നലെ, ചൊവ്വാഴ്ച അടുത്ത ബന്ധുക്കളെല്ലാം ചേർന്ന് ഒരു ജൻമദിനാഘോഷം ഒരുക്കി. ഒമ്പത് സഹോദരങ്ങളും മക്കളും കുടുംബങ്ങളുമാണ് ആഘോഷത്തിയത്.

പത്ത് സഹോദരങ്ങളിൽ മൂത്തയാളാണ് പുരുഷോത്തമൻ.
ജീവിതശൈലീരോഗങ്ങളായ പ്രമേഹവും രക്തസമ്മർദവുമൊന്നും ഇദ്ദേഹത്തിനടുത്തുകൂടിപോലും പോയിട്ടില്ല. ഭക്ഷണത്തിനും പ്രത്യേക നിയന്ത്രണമൊന്നുമില്ല. അളവ് കുറച്ചിട്ടുണ്ടെന്നു മാത്രം. രാവിലെ വീട്ടുമുറ്റത്തെ നടത്തമാണ് വ്യായാമം. ഒരു വർഷമായി പുറത്ത് യാത്രകളൊന്നുമില്ല.
രാവിലെ മുതൽ ഉച്ചവരെ പത്രവായന. തുടർന്ന് ഉച്ചഭക്ഷണം. തുടർന്ന് അൽപ്പം മയക്കം. ഉച്ചയ്ക്കു ശേഷം പുസ്തക വായന. വൈകീട്ട് വാർത്താ ചാനലുകൾ കാണും. രാഷ്ട്രീയത്തിലെ സമകാലിക വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. കെ. വി. തോമസുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ ദൗർഭാഗ്യകരമെന്ന് അദ്ദേഹം പറയുന്നു. മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്ത് സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല. പക്ഷേ, മറ്റൊരു പാർട്ടിയിലേക്കു മാറുന്നത് ഖേദകരമാണ്. ആദ്യം ലഭിക്കുന്ന പരിഗണന പിന്നീടുണ്ടാവാറില്ലെന്നും പുരുഷോത്തമൻ പറഞ്ഞു. രാഷ്ട്രീയത്തിലും വിരമിക്കൽ വേണമെന്നും പ്രായമായാൽ പിന്നെ കടിച്ചുതൂങ്ങിക്കിടക്കുന്നതു ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് രാഷ്ട്രീയം നന്നല്ലെന്നും താൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരാണെന്നും വക്കം പുരുഷോത്തമൻ പറഞ്ഞു. അവരവരുടെ നിലനിൽപ്പിനു വേണ്ടിയാണ് ഗ്രൂപ്പ്. പക്ഷേ, അത് പാർട്ടിയുടെ നാശത്തിനു വേണ്ടിയാകരുത്. ചില സമയത്ത് ഗ്രൂപ്പിനൊപ്പം തനിക്കും നിൽക്കേണ്ടി വന്നിട്ടുണ്ട്.

ആൻഡമാനിൽ ലെഫ്റ്റനന്റ് ഗവർണറായിരുന്ന സമയത്താണ് തൃപ്തികരമായി പ്രവർത്തിക്കാൻ സാധിച്ചതെന്നും ആ സമയത്ത് അവിടെ നിരവധി വികസനപ്രവർത്തനങ്ങൾ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി, എം. എം. ഹസൻ, പാലോട് രവി തുടങ്ങിയവർ ഇടയ്ക്ക് വിളിക്കാറുണ്ട്. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കെ. സുധാകരനും വി. ഡി. സതീശനും വിളിക്കും. അങ്ങോട്ട് ആരെയും വിളിച്ച് ശല്യംചെയ്യാറില്ല. കോടിയേരി ബാലകൃഷ്ണനും വെള്ളാപ്പള്ളി നടേശനും നല്ല സുഹൃത്തുക്കളാണ്. ഇരുവരും വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബിന്ദു, ബിനു പുരുഷോത്തമൻ എന്നിവരാണ് മറ്റു മക്കൾ.
തിരക്കുള്ള അഭിഭാഷകവൃത്തിയിൽ നിന്നപ്പോൾ ആർ. ശങ്കറിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയത്.

Back to top button
error: