NEWS

മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ചിത്രപൗര്‍ണമി ആഘോഷം ഏപ്രിൽ 16 ന്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കുമളി: ചരിത്രപ്രസിദ്ധമായ മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ചിത്രപൗര്‍ണമി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.ഏപ്രിൽ 16-നാണ് ഉത്സവം.
കോവിഡ്‌ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഇത്തവണ ആഘോഷത്തിനു വലിയ തിരക്കുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. വന്യജീവി സംരക്ഷണമേഖലയും അത്യപൂര്‍വമായ ജീവിജാലങ്ങളുടെ വാസസ്‌ഥലവുമായ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയിലാണ് കർണകി ക്ഷേത്രം.എല്ലാ വര്‍ഷവും ചിത്രാപൗര്‍ണമി ആഘോഷിക്കാന്‍ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളാണ്‌ മംഗളാദേവി ക്ഷേത്രത്തില്‍ എത്തുന്നത്‌.
 പരിസ്‌ഥിതിയുടെയും വനത്തിന്റെയും സംരക്ഷണത്തിനും നിലനില്‍പ്പിനും കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന്‌ തടസം ഉണ്ടാവാതെയും അവയുടെ നിലനില്‍പിന്‌ തന്നെ ഭീഷണിയാകുന്ന പ്ലാസ്‌റ്റിക്‌ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിരോധിക്കുകയും ചെയ്‌തുകൊണ്ട്‌ കേരളവും തമിഴ്‌നാടും സംയുക്‌തമായിട്ടാണ്‌ ആഘോഷം സംഘടിപ്പിക്കുന്നത്‌.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള നിര്‍ദേശങ്ങള്‍
വനത്തിനുള്ളില്‍ ഉച്ചഭാഷിണികള്‍, ഉയര്‍ന്ന ശബ്‌ദം പുറപ്പെടുവിക്കുന്ന സ്‌പീക്കറുകള്‍, മൈക്കുകള്‍ എന്നിവ അനുവദിക്കുന്നതല്ല. പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കാടിനുള്ളില്‍ നിരോധിച്ചിരിക്കുന്നു.
പടക്കങ്ങള്‍ ഉപയോഗിക്കുന്നത്‌ നിരോധിച്ചിരിക്കുന്നു. കുടിവെള്ളം കൊണ്ടുവരുന്നതിനായി ഭക്‌തജനങ്ങള്‍ ഫ്‌ളാസ്‌ക്‌, അഞ്ച്‌ ലിറ്ററോ, അതിലധികമോ ഉള്ള ബോട്ടിലുകള്‍ ഉപയോഗിക്കേണ്ടതാണ്‌.
ഭക്ഷണ സാധനങ്ങള്‍ പേപ്പറിലോ, ഇലകളിലോ പൊതിഞ്ഞു കൊണ്ട്‌ പോകാവുന്നതാണ്‌. പ്ലാസ്‌റ്റിക്‌ റാപ്പറുകള്‍ നിരോധിച്ചിരിക്കുന്നു.
തല മുണ്ഡനം ചെയ്യല്‍, മാംസാഹാരം, മദ്യം, ലഹരി വസ്‌തുക്കള്‍, പുകവലി എന്നിവ നിരോധിച്ചിരിക്കുന്നു.
ഭക്‌തജനങ്ങള്‍ക്ക്‌ ഉത്സവദിവസം രാവിലെ ആറ്‌ മുതല്‍ മംഗളാദേവിയിലേക്ക്‌ പ്രവേശിക്കാവുന്നതാണ്‌.
ഉച്ചകഴിഞ്ഞു രണ്ടിനു ശേഷം പ്രവേശനം അനുവദിക്കുന്നതല്ല. വൈകിട്ട്‌ അഞ്ചിന്‌ എല്ലാ ഭക്‌തജനങ്ങളും ക്ഷേത്രം വിട്ടു തിരികെപോകേണ്ടതാണ്‌. നിശ്‌ചിത സമയത്തിന്‌ ശേഷം ആരെയും ക്ഷേത്രപരിസരത്തോ, വനത്തിനുള്ളിലോ അനുവദിക്കുന്നതല്ല.
ക്ഷേത്രപരിസരത്തു നടക്കുന്ന അന്നദാനത്തോടനുബന്ധിച്ചുള്ള ഭക്ഷണമാലിന്യങ്ങള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിക്ഷേപിക്കരുത്‌.
ഭക്‌തജനങ്ങളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും അധികഭാരം ഒഴിവാക്കുകയും ചെയ്യണം.
ഉത്സവത്തിന്‌ വരുന്ന വ്യക്‌തികള്‍ വനത്തില്‍ നിന്നും ഒന്നും ശേഖരിക്കുവന്‍ പാടുള്ളതല്ല.
ഭക്ഷ്യ വസ്‌തുക്കള്‍, പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ എന്നിവ വനത്തിനുള്ളില്‍ നിക്ഷേപിക്കരുത്‌.
വന്യജീവി സങ്കേതത്തിനുള്ളിലുള്ള ക്ഷേത്രമായതിനാല്‍ ഈ പ്രദേശത്ത്‌ കൂടി സഞ്ചരിക്കുന്നവര്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്‌.
ക്ഷേത്രത്തിനകത്തും ചേര്‍ന്നുള്ള പരിസരത്തും പ്രവേശിക്കുന്ന ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ചെരിപ്പ്‌ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
വനത്തിനുള്ളില്‍ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവ അനുവദിക്കുന്നതല്ല.
ചിത്രാപൗര്‍ണമി ദിവസം പ്രാഥമിക ചികിത്സ സൗകര്യങ്ങള്‍ക്ക്‌ പുറമെ
വനംവകുപ്പിന്റെ ആംബുലന്‍സ്‌ സൗകര്യം മംഗളാദേവി ക്ഷേത്ര പരിസരത്തും കരടിക്കവലയിലും ഏര്‍പ്പെടുത്തുന്നതാണ്‌.

Back to top button
error: