KeralaNEWS

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കുമെന്ന് ഇടവക കൂട്ടായ്മ, പ്രതിഷേധം രൂക്ഷം

  സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കുമെന്ന് സെന്റ് മേരീസ് ബസിലിക്ക ഇടവക കൂട്ടായ്മ. ഓശാന ഞായർ ദിവസം ഏകീകൃത കുർബാന അർപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

‘’വിശുദ്ധവാര തിരുക്കർമങ്ങളിൽ കർദിനാൾ നേതൃത്വം നൽകുന്ന കുർബാന ഒഴിവാക്കണം. തിരുക്കർമങ്ങൾക്കായി മാർ ജോർജ് ആലഞ്ചേരി എത്തിയാൽ ബഹിഷ്‌കരിക്കണം’’
ഇടവക കൂട്ടായ്മയുടെ തീരുമാനം ഇങ്ങനെ.

യേശു വിനയാനിതനായി കഴുത പുറത്ത് എഴുന്നുള്ളിയതിന്റെ ഓർമ്മ ആചരിക്കുന്ന ഓശാന ഞായറാഴ്ച നൂറുക്കണക്കിന് ഗുണ്ടകളുടെയും പോലീസിന്റെയും വലയത്തിൽ എറണാകുളത്ത് എത്തി പൊതുസമൂഹത്തിൽ കത്തോലിക്കാ സഭയെ പരിഹാസ്യമാക്കിയ കർദിനാൾ ആലഞ്ചേരി  വീണ്ടും നുണ പറഞ്ഞു കൊണ്ട് കത്തോലിക്കാ വിശ്വാസികളെ മുഴുവൻ വീണ്ടും പരിഹാസ്യരാക്കിയെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം ആരോപിച്ചു.
സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഒരു ഇടവക ദേവാലയമാണ്. ഇടവക ജനങ്ങളെ പാടെ ഒഴിവാക്കി മറ്റിടങ്ങളിൽ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചാണ് വിശുദ്ധകുർബാന നടത്തിയിരുന്നതെന്ന് അതിരൂപത സംരക്ഷണ സമിതി വിലയിരുത്തി.

ഗുണ്ടാ ലിസ്റ്റിൽ ഉണ്ടായിരുന്നവർ പോലും ദേവാലയത്തിൽ ഉണ്ടായിരുന്നു. ഇടവകയിൽ നിന്നുള്ള 5 ശതമാനം വിശ്വാസികൾ പോലും കുർബാനയിൽ പങ്കെടുത്തില്ല. പങ്കെടുത്തവരിൽ പകുതിയോളം പേർ പോലീസിനെ കണ്ട് പേടിച്ച് ഇടയ്ക്ക് വെച്ച് പുറത്തു പോയി. കുർബാന സമയത്ത് ദേവാലയത്തിന് അകത്ത് പോലീസിനെയും , കമാൻഡോകളെയും , ഗുണ്ടകളെയും നിർത്തിയതിൽ യോഗം കടുത്ത അമർഷം രേഖപ്പെടുത്തി. ഇനിയുള്ള വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുത്ത് അൾത്താര അഭിമുഖ കുർബാന അർപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .

ഇടവക ജനങ്ങളുടെ ആവശ്യം മറികടന്ന് വിശുദ്ധവാര തിരുകർമ്മങ്ങൾ നടത്താൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വന്നാൽ ഇടവകാംഗങ്ങൾ തിരുക്കർമ്മങ്ങൾ ബഹിഷ്‌കരിച്ച് ജനാഭിമുഖ കുർബാന അർപ്പിക്കുന്ന ഇടവകയിലെ വിവിധ സെൻ്ററുകളിലുള്ള ദേവാലയങ്ങളിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സെന്റ് മേരീസ് ബസിലിക്ക ഇടവക കൂട്ടായ്മ യോഗം തീരുമാനമെടുത്തു.

Back to top button
error: