KeralaNEWS

രാമചന്ദ്രൻ ഫാൻസിന് നിരാശ: തൃശ്ശൂര്‍ പൂരവിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍

തൃശ്ശൂര്‍: കൊവിഡ് ഇടവേളയ്ക്ക് ശേഷം തൃശൂർ പൂരം ആരവത്തോടെ ആഘോഷിക്കാനിരിക്കെ പൂരവിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ എത്തും. ദേവസ്വം ബോർഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ തീരുമാനം. നെയ്തലക്കാവ് ദേവസ്വത്തിന് വേണ്ടിയാണ് കൊമ്പനെ എഴുന്നള്ളിക്കുക.

പൂരവിളംബരത്തിൻ്റെ ഭാഗമായി വടക്കുംനാഥന്റെ തെക്കേ ഗോപുര വാതിൽ തള്ളി തുറക്കുന്ന ചടങ്ങ് നിർവഹിക്കാനാണ് എല്ലാവർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറുള്ളത്. കോവിഡിന് മുമ്പുള്ള 2019-ലെ പൂരത്തിന് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നത്. ആയിരക്കണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ പൂരപ്പറമ്പിലെത്തിയത്.

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേ ഗോപുരവാതിൽ തുറക്കുക. 2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേ ഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.

രാമചന്ദ്രൻ്റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്നു പോലും ആളുകളെത്തിയിരുന്നു. രാമചന്ദ്രനെ എഴുന്നെള്ളിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നും ആവശ്യമുയര്‍ന്നെങ്കിലും സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ രംഗത്തിറക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

Back to top button
error: