KeralaNEWS

പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാന്‍; വൈദ്യുതി മന്ത്രിയെ തുണച്ച് എളമരം

കൊച്ചി: വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാനാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ചെയര്‍മാന്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടും. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളൊന്നും കെഎസ്ഇബിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിഐടിയു രംഗത്തെത്തി. മുന്നണി മര്യാദ ഓര്‍ത്തിട്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നു വൈദ്യുതി ഭവനു മുന്നിലെ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

നിലവിലെ പ്രശ്‌നങ്ങള്‍ കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്നും, മന്ത്രിതല ചര്‍ച്ചയിലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. ചെയര്‍മാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് മന്ത്രിക്കെതിരായ പരാമര്‍ശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത് ചെയര്‍മാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയര്‍മാന്‍ എന്ന ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Back to top button
error: