CrimeNEWS

പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

അന്വേഷണം മറുനാടൻ മലയാളി ബിജുവിനെതിരെ ഉയർത്തിയ ആക്ഷേപങ്ങളെക്കുറിച്ച്

ആശയപരമായ സംവാദത്തെ വ്യക്തിഹത്യയാക്കി മാറ്റി, എനിക്കെതിരെ മറുനാടൻ മലയാളി ഉയർത്തിയ ആക്ഷേപങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർത്ഥിച്ചു.

എന്റെ പരാതിയിൻമേൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായ വിവരം ഏവരേയും അറിയിക്കുന്നു.

സംസ്ഥാന പോലീസ് മേധാവിക്ക് സി ആർ ബിജു നൽകിയ കത്തിന്റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി അവർകൾ മുൻപാകെ,

സർ ,
1993 ഫെബ്രുവരി ഒന്നിന് കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ആയി ജോയിൻ ചെയ്ത ഞാൻ കഴിഞ്ഞ 29 വർഷത്തിലേറെയായി കേരള പോലീസിൽ പ്രവർത്തി എടുത്തു വരുന്നു. നാളിതുവരെയുള്ള ഔദ്യോഗികജീവിതത്തിലും, പോലീസ് സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ സംഘടനാ ജീവിതത്തിലും, കേവലം ഒരു വ്യക്തി എന്ന നിലയിൽ വ്യക്തിജീവിതത്തിലും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്വഭാവ ദൂഷ്യവും ഉണ്ടാകാതെയും, പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് ചേരാത്ത ഒരു പ്രവർത്തിയും എന്നിൽനിന്ന് ഉണ്ടാകാതെയും ആണ് നാളിതുവരെയും ജീവിച്ചു വരുന്നത്.
നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ഒരു അടിസ്ഥാനവുമില്ലാതെ പോലീസിനെതിരെയും പോലീസ് സംഘടനകൾക്കെതിരെയും പോലീസ് സംഘടനാ പ്രവർത്തകർക്കെതിരെയും എക്കാലവും ഉയർന്നുവരാറുണ്ട്. ഔദ്യോഗികമായി ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയുവാനോ, വിശദീകരിക്കുവാനോ ഉള്ള അവസരങ്ങൾ പോലീസിന് ഇല്ലാത്തതു കൊണ്ട് തന്നെ ഇത്തരം ആക്ഷേപങ്ങളും ആരോപണങ്ങളും എല്ലാകാലത്തും ഏകപക്ഷീയമായിരുന്നു. മാധ്യമങ്ങൾക്കപ്പുറം സാമൂഹ മാധ്യമങ്ങൾ കൂടി ശക്തിപ്രാപിച്ച ഈ കാലഘട്ടത്തിൽ ഈ പ്രവണത കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ട സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ വസ്തുത ജനങ്ങളെ അറിയിക്കുന്നതിനും തെറ്റായ പ്രചരണങ്ങൾ പ്രതിരോധിക്കുന്നതിനും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കൃത്യമായി ഞാൻ പ്രതികരണങ്ങൾ നടത്താറുണ്ട്.

2022 ഏപ്രിൽ അഞ്ചിന് കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ഒരു ചടങ്ങിൽ വച്ച് പാലാ ബ്രില്ല്യന്റ് കോച്ചിംഗ് സെൻറർ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് 50 ശതമാനം ഫീസ് ഇളവ് നൽകുമെന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. ഈ പ്രഖ്യാപനത്തെ 2022 ഏപ്രിൽ 7 രാത്രി 7.22 മണിക്ക് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിലൂടെ അഴിമതിയായി ചിത്രീകരിച്ച് ഒരു വാർത്ത ജനങ്ങളിലേക്ക് വിട്ടു. ഈ വിഷയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇതിന്റെ വസ്തുത പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഞാൻ ഒരു പ്രതികരണം നടത്തി. ആ പ്രതികരണത്തിൽ പോലീസിനും സംഘടനയ്ക്കും എതിരെ ഉയർന്ന അഴിമതി ആരോപണത്തിനുള്ള വിശദീകരണം ആയിരുന്നു ഉണ്ടായിരുന്നത്. മറുനാടൻ മലയാളിയുടെ വാർത്തയുടെ യാഥാർഥ്യം സമൂഹത്തിൽ ബോധ്യപ്പെടുത്തുന്ന രീതിയിൽ മാന്യമായ ഭാഷയിൽ ഉള്ള എന്റെ വിശദീകരണത്തിൽ അസ്വസ്ഥനായി ഏപ്രിൽ 9ന് ശ്രീ.ഷാജൻ സ്കറിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ ആശയ സംവാദത്തിന്റെ സ്ഥാനത്ത് വ്യക്തി അധിക്ഷേപം നടത്തുന്ന തരത്തിൽ 10 മിനിറ്റും 30 സെക്കൻഡും ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്തുവിട്ടു. അതിൽ ആകമാനം അഴിമതി ആരോപണവും സ്ത്രീ വിഷയ ആരോപണങ്ങളും ഉൾപ്പെടെ ഒരു അടിസ്ഥാനവുമില്ലാതെ വ്യാജ ആരോപണങ്ങൾ എനിക്കെതിരെ ആരോപിക്കുകയായിരുന്നു. ഏറെ അപകീർത്തികരവും ഒരു വസ്തുതയും ഇല്ലാത്തതുമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ച സാഹചര്യത്തിൽ 2022 ഏപ്രിൽ ഒമ്പതിന് വൈകുന്നേരം എന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് എന്റെ ഭാഗം അറിയിച്ചിരുന്നു. അതിനുശേഷം വീണ്ടും 2022 ഏപ്രിൽ പത്താം തിയ്യതി മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും 7 മിനിറ്റും 13 സെക്കൻഡും ദൈർഘ്യമുള്ള മറ്റൊരു വീഡിയോയും വ്യക്തി അധിക്ഷേപം നടത്തുന്ന തരത്തിൽ ഒരു വസ്തുതയും ഇല്ലാത്ത ആരോപണങ്ങളായി പുറത്തുവിട്ടിട്ടുള്ളതാണ്. അതിലൂടെ വന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടികൾ ഡിപ്പാർട്ട്മെൻറ് ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്റെ സർവീസ് ജീവിതം സംബന്ധിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ചില ആരോപണങ്ങൾ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്റെ ഡിപ്പാർട്ട്മെൻറ് കാര്യങ്ങളിൽ അനർഹമായ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ഡിപ്പാർട്ട്മെന്റ് തന്നെ പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

എനിക്കെതിരെ വന്ന മറ്റൊരാരോപണം പോലീസ് ബോർഡ് വച്ച ഇന്നോവ വാഹനത്തിൽ ഞാൻ യാത്ര ചെയ്യുന്നു എന്നതാണ്. ഇത് കേൾക്കുന്ന പൊതുസമൂഹം മനസ്സിലാക്കുന്നത് ഔദ്യോഗിക വാഹനം ഞാൻ ദുരുപയോഗം ചെയ്യുന്നു എന്നാണ്. 1990 കൾ മുതൽ തന്നെ കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സ്വന്തമായി വാഹനം ഉണ്ട്. സംഘത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഈ വാഹനം ഉപയോഗിക്കാറുള്ളത്. എറണാകുളം ഹെഡ് ഓഫീസ് ആയിട്ടുള്ള ഈ സംഘത്തിന് തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ ബ്രാഞ്ചുകളും ഉണ്ട്. സംഘം വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബ്രാഞ്ചുകളുടെ പ്രവർത്ത പരിശോധനയ്ക്കും, വായ്പ നൽകേണ്ട ചെക്ക് ഒപ്പിട്ട് നൽകുന്നതിനുമായി ഈ രണ്ട് ബ്രാഞ്ചുകളിലേക്കും നിരന്തരം യാത്ര ചെയ്യേണ്ടിവരുന്നുമുണ്ട്. ഈ വാഹനത്തിൽ വച്ചിരിക്കുന്ന ബോർഡ് മോട്ടോർ വെഹിക്കിൾ നിയമപ്രകാരം നീല പ്രതലത്തിൽ വെള്ള അക്ഷരത്തിൽ കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ്. വസ്തുത ഇതായിരിക്കെ ഇതിനേയും തെറ്റായി സമൂഹമധ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു.

ഇതിലുയർത്തുന്ന മറ്റൊരു ആരോപണം കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വേണ്ടി തിരുവനന്തപുരത്ത് വാങ്ങിയ സ്ഥലത്തെ സംബന്ധിച്ചുള്ള അഴിമതി ആരോപണമാണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തിരുവനന്തപുരം ബ്രാഞ്ചിന് സ്വന്തമായി സ്ഥലം വാങ്ങാൻ തീരുമാനമെടുത്തത് സംഘത്തിന്റെ ഭരണസമിതിയാണ്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി പുരോഗമനപരവും നവീനവുമായ ഏതു പദ്ധതി ആരംഭിച്ചാലും അതിനെതിരെ പറയാൻ ചില പുഴുക്കുത്തുകൾ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ യാതൊരു ആക്ഷേപം ഉണ്ടാകരുത് എന്ന കാഴ്ചപ്പാടോടു കൂടിയാണ് നാഷണലൈസ്ഡ് ബാങ്കുകൾ ഏറ്റെടുത്ത് ലേലം ചെയ്യുന്ന വസ്തു വാങ്ങാനുള്ള തീരുമാനത്തിലേക്ക് ഭരണസമിതി എത്തിയത്. യൂണിയൻ ബാങ്ക് ഓൺലൈനായി നടത്തിയ പ്രോപ്പർട്ടി ലേലത്തിൽ പങ്കെടുത്ത്, 100% സത്യസന്ധവും സുതാര്യവുമായി ഓൺലൈൻ ആയി പണം ബാങ്കിന് കൈമാറ്റം ചെയ്തുകൊണ്ടാണ് ആ പ്രോപ്പർട്ടി സംഘം വാങ്ങിയത്. ഇതിനെതിരെയാണ് ഒരു അടിസ്ഥാനവുമില്ലാതെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഏറ്റവും ഗുരുതരമായ മറ്റൊരു ആരോപണം സ്ത്രീവിഷയുമായി ചേർത്ത് എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്. നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥർ എനിക്കെതിരെ നൽകിയ പരാതികൾ ഒതുക്കി എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. “കൊച്ചിയിലെ ഒരു പോലീസുകാരൻ രോഗം ബാധിച്ച് മരിച്ചപ്പോൾ അദ്ദേഹത്തിൻറെ വിധവയോട് നിങ്ങൾ ചെയ്തത് എന്താണ് ’’ എന്ന് ദുസൂചനയോടെ ഈ വീഡിയോയിൽ ചോദിക്കുന്നുണ്ട്. സർവീസിലിരിക്കെ അസുഖം മൂലമോ, അപകടം മൂലമോ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തെ കേരളത്തിലെ പോലീസ് സംഘടനകളും പോലീസ് സഹകരണസംഘങ്ങളും എല്ലാവിധ സംരക്ഷണവും ഉറപ്പാക്കി വരുന്നുണ്ട്. സർവീസിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് കേരളത്തിലെ മുഴുവൻ പോലീസുകാരും ഒരുമിച്ചു നിന്ന് അവരുടെ ശമ്പളത്തിൽ നിന്ന് നൽകുന്ന വിഹിതം കൊണ്ട് പത്തുലക്ഷം രൂപയിൽ കുറയാത്ത തുകയാണ് കേരളമാകെ കുടുംബസഹായനിധിയായി നൽകിവരുന്നത്. സർവീസിലിരിക്കെ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഞാനും അംഗമായ കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് സഹായം നൽകി വരുന്നുണ്ട്. CPAS എന്ന പേരിൽ അഞ്ച് ലക്ഷം രൂപ നൽകി വന്നിരുന്ന ഈ പദ്ധതി ഇപ്പോൾ ഈ ഭരണസമിതി പത്തുലക്ഷം രൂപ ആക്കി ഉയർത്തിയിട്ടുണ്ട്. അപകട മരണം സംഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകാൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസ് പദ്ധതിയും ഈ ഭരണ സമിതി നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ഞാനുൾപ്പെടുന്ന ഈ ഭരണസമിതി വന്നശേഷം സർവീസിലിരിക്കെ മരണപ്പെടുന്നവരുടെ വായ്പാബാക്കി പൂർണമായും സംഘം ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഇതുവരെ 65 പേരുടെ വായ്പ ബാക്കി സംഘം ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തിൽ സർവീസിലിരിക്കെ മരണപ്പെടുന്ന ഞങ്ങളുടെ സഹപ്രവർത്തകരുടെ ഭാര്യയും മക്കളും അച്ഛനമ്മമാരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലാണ് സംഘടനാ പ്രവർത്തകരും സംഘം പ്രവർത്തകരും പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെയാണ് മറുനാടൻ മലയാളിയുടെ youtube ചാനലിലൂടെ മോശമായ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അടിസ്ഥാനവും ഇല്ലാത്ത ഈ ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്ന് അങ്ങയോട് അഭ്യർത്ഥിക്കുന്നു.

എറണാകുളം റേഞ്ച് ഡിഐജി ഓഫീസിലെ ജീവനക്കാരിയുടെ പരാതി ഞാൻ എങ്ങനെ ഒതുക്കി എന്ന ചോദ്യമാണ് മറ്റൊരു ഭാഗത്ത് ഉയർത്തുന്നത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ എനിക്കെതിരെ ഇത്തരത്തിലൊരു പരാതി ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ യാതൊരു പരാതിയും നാളിതുവരെ എനിക്കെതിരെ എവിടെയും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല എന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ട്.
ഒരു അടിസ്ഥാനവുമില്ലാതെ ഉന്നയിച്ച ഇത്തരം ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഈ വീഡിയോയുടെ മറ്റൊരു ഭാഗത്ത് കോവിഡ് വ്യാപനം രൂക്ഷമായ ആദ്യ കാലഘട്ടത്തിൽ, ടെസ്റ്റുകൾക്ക് പോലും ക്ഷാമമായിരുന്നപ്പോൾ അന്നത്തെ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നടത്തിയ കോവിഡ് പരിശോധനയിൽ വലിയ അഴിമതി ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. കോവിഡ് ഒന്നാം തരംഗകാലത്ത് ആത്മവിശ്വാസത്തോടെ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ജോലി ചെയ്യാനുള്ള ഊർജ്ജം പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നൽകാൻ ടെസ്റ്റുകൾ നടത്താൻ തീരുമാനിക്കുകയും, ഇതിന് ചെലവാക്കുന്ന തുകയുടെ പകുതി പോലീസ് വകുപ്പിന്റെ തന്നെ നിയന്ത്രണത്തിലുള്ള പോലീസ് വെൽഫെയർ ബ്യൂറോയിലൂടെ നൽകിയും, ബാക്കി പകുതി സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും അംഗമായ കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അതിന്റെ പൊതുനന്മഫണ്ടിൽ നിന്ന് നൽകിയുമാണ് നടപ്പിലാക്കിയത്. കേന്ദ്ര ഗവൺമെന്റിന്റെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ആണ് കേരളമാകെ ഈ പരിശോധന നടത്തിയത്. ഇതിനു വേണ്ടി ചെലവായ തുകയുടെ പകുതി കേരള പോലീസ് വെൽഫെയർ ബ്യൂറോ നൽകിയത് പോലെ, ബാക്കി പകുതി ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ആയി സംഘം നൽകുകയായിരുന്നു. ഇത്രയേറെ സുതാര്യമായി നടന്നതും സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ആത്മവിശ്വാസം പകർന്നതുമായ ഈ പ്രവർത്തനത്തെയാണ് വലിയ അഴിമതിയായി ഈ വീഡിയോയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.

ഞാൻ ഇടുന്ന വേഷവും ഞാൻ കഴിക്കുന്ന ഭക്ഷണവും എന്റെ സ്വാതന്ത്ര്യമാണെന്നിരിക്കെ അതിനേയും വ്യക്തിപരമായി ഈ വീഡിയോയിലൂടെ ആക്ഷേപിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഒരു വസ്തുത പോലും ഇല്ലാത്ത നിരവധി ആരോപണങ്ങളാണ്
അടിസ്ഥാനരഹിതമായി ഉന്നയിച്ച് എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിരിക്കുന്നത്.
ഇതിലൂടെ എന്നെ അടുത്തറിയാത്ത പൊതുസമൂഹത്തിന്റെ ഭാഗമായുള്ളവർ ഇവ വിശ്വസിക്കാൻ സാധ്യതയുണ്ട്. അതിലൂടെ പോലീസ് വകുപ്പിന് തന്നെ അപകീർത്തി ഉണ്ടാക്കുന്ന സാഹചര്യമാണ് ഈ പ്രചരണം സൃഷ്ടിക്കുന്നത്.

ആയതിനാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുന്നതിനും അതിനനുസരിച്ച് ഉചിതമായ നടപടി കൈക്കൊള്ളുന്നതിനും വേണ്ട തീരുമാനം അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

 

Back to top button
error: