തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസുമായി നേതാക്കള്‍ ചര്‍ച്ച നടത്തി; തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥിയെന്ന് കെ. സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. അന്തരിച്ച എം.എല്‍.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരാണ് ഉമാ തോമസിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.

അതേസമയം, ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമാ തോമസിനെ സന്ദര്‍ശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ എറണാകുളം ഡി.സി.സി. ഓഫീസില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.

തൃക്കാക്കരയില്‍ ഉമാ തോമസിനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇക്കാര്യത്തില്‍ അവരുടെ താത്പര്യം അറിയുക എന്നതടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ചയിലെ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. ഉമാ തോമസിനെ മത്സരിപ്പിച്ചാല്‍ തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. മറ്റു എതിര്‍പ്പുകളുണ്ടായില്ലെങ്കില്‍ ഉമാ തോമസ് തന്നെ തൃക്കാക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും. അതേസമയം, വി.ടി. ബല്‍റാം അടക്കമുള്ള യുവനേതാക്കളുടെ പേരുകളും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version