NEWS

എൽ.എൽ.ബി ഒന്നാം ക്ലാസോടെ പാസായി ബസ് ഡ്രൈവർ

കൊച്ചി‍ :എൽ.എല്‍.ബി. പരീക്ഷയില്‍ ഒന്നാം ക്ലാസോടെ വിജയിച്ച വിവരമറിയുമ്ബോള്‍ മുപ്പത്തടം വെളിയത്ത് ഹരീഷ് ഏലൂര്‍-ഫോര്‍ട്ടുകൊച്ചി റൂട്ടിലെ നന്ദനം ബസിന്റെ ഡ്രൈവിങ്‌സീറ്റിലിരുന്ന് ശ്രദ്ധയോടെ വളയംതിരിക്കുകയായിരുന്നു.ഹരീഷിന്റെ ജീവിതം ഇനി കാക്കിയില്‍നിന്ന് കറുത്തകോട്ടിലേക്കും ഡ്രൈവിങ്‌ സീറ്റില്‍നിന്ന് കോടതിമുറികളിലേക്കുമായി റൂട്ട് മാറി ഓടും.

വളവുകളും തിരിവുകളും പ്രതിബന്ധങ്ങളും പിന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയ സന്തോഷം ഹരീഷിന്റെ മുഖത്ത് കാണാം. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സില്‍ ബിരുദവും കളമശ്ശേരി ഗവ. പോളിടെക്നിക്കില്‍നിന്ന് ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സും പാസായി ഏലൂര്‍ ഇ.എസ്.ഐ. റഫറന്‍സ് വിഭാഗത്തില്‍ താത്കാലിക ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് 2012-ല്‍ കളമശ്ശേരിയിലുണ്ടായ ബസ് അപകടത്തില്‍ പിതാവ് സോമസുന്ദരന്‍ പിള്ളയ്ക്കും അമ്മ കോമളത്തിനും ഗുരുതരമായി പരിക്കേറ്റത്. അച്ഛന്റെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റി. ചികിത്സയെത്തുടര്‍ന്ന് പ്രമേഹം കൂടി അമ്മയുടെ ഇരുവൃക്കകളും തകരാറിലായി. കുടുംബത്തിന്റെ ചുമതല ഹരീഷിനായി. ചികിത്സയും സഹോദരന്റെ പഠിപ്പും മുടങ്ങതിരിക്കാന്‍ താത്കാലിക ജോലി ഉപേക്ഷിച്ച്‌ ബസ്‌ ഡ്രൈവറായി. ഏഴു കൊല്ലം വളയം പിടിച്ചു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച്‌ അമ്മ മരിച്ചു. വെച്ചുപിടിപ്പിച്ച

പൊയ്ക്കാലുമായി അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങി. സഹോദരന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു.

ഇതോടെ, എല്‍എല്‍.ബി.യെന്ന മോഹം ഹരീഷ് വീണ്ടും പൊടിതട്ടിയെടുത്തു.തൊടുപുഴ അല്‍-ഹസര്‍ കോളജില്‍ ചേര്‍ന്നു.ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് ഓടിച്ച്‌ വരുമാനം കണ്ടെത്തി. കോവിഡിനെത്തുടര്‍ന്ന് പഠനം ഒണ്‍ലൈനായപ്പോള്‍ ബസില്‍ത്തന്നെയായി പഠനവും.അടുത്ത മാസം എന് റോൾ  ചെയ്ത ശേഷം പൂര്‍ണമായും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യണമെന്ന തീരുമാനത്തിലാണ് ഹരീഷ്.

Back to top button
error: