KeralaNEWS

റെയില്‍ പാത: തേനിയില്‍ അതിവേഗ പരീക്ഷണ ഓട്ടം വിജയകരം

നെടുംങ്കണ്ടം: തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ബോഡിനായ്ക്കന്നൂരിലേക്കുള്ള റെയില്‍ പാതയില്‍ ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള ഭാഗത്ത് അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ഈ പാതയില്‍ ട്രെയില്‍ സര്‍വീസ് തുടങ്ങുന്നത് ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയ്ക്കും വ്യാപാര രംഗത്തിനും ഗുണകരമാകും. മധുരയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ റെയില്‍പ്പാതയുണ്ടായിരുന്നു. പാത ബ്രോഡ്‌ഗേജ് ആക്കാന്‍ 2010 ഡിസംബര്‍ 31ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി.

മധുര മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റര്‍ ഭാഗത്തെ പണികള്‍ രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കി നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള 17 കിലോ മീറ്റര്‍ ഭാഗത്തെ പരീക്ഷണ ഓട്ടമാണു ഇപ്പോള്‍ നടത്തിയത്. നാലു ബോഗികള്‍ ഘടിപ്പിച്ച ട്രെയിന്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. മധ്യമേഖല റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ ഓടിക്കാന്‍ അനുമതി നല്‍കിയത്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ മധുരയില്‍ നിന്നും തേനി വരെ തീവണ്ടി ഓടിക്കാന്‍ കഴിയും.

തേനിയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ യുള്ള 17 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാകാനുണ്ട്. 450 കോടി രൂപ ചെലവിട്ടാണ് പാത ബ്രോഡ്‌ഗേജ് ആക്കുന്നത്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇടുക്കിയിലെ െഹെറേഞ്ച് മേഖലയിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും. വിനോദ സഞ്ചാര മേഖലയ്ക്ക് പുറമേ ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കു ഗതാഗതവും സുഗമമാകും. അതേസമയം ഈ പാത കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ലോവര്‍ ക്യാംപ് വരെ നീട്ടണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: