BusinessTRENDING

സിമന്റ് ആവശ്യകത 7 ശതമാനം വര്‍ധിക്കുമെന്ന് അംബുജ സിമന്റ്സ്

ന്യൂഡല്‍ഹി: വിപണിയില്‍ സിമന്റിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. 2022ല്‍ ആവശ്യകത ഏഴ് ശതമാനത്തോളം വര്‍ധിച്ചതായി അംബുജ സിമന്റ്സ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ഭവനങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകത, ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനം, വ്യാവസായിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ സിമന്റ് വ്യവസായത്തെ സഹായിക്കുമെന്ന് സ്വിസ് ബില്‍ഡിംഗ് മെറ്റീരിയല്‍ മേജര്‍ ഹോള്‍സിം ഗ്രൂപ്പിന്റെ (നേരത്തെ ലഫാര്‍ഗെ ഹോള്‍സിം) ഭാഗമായ അംബുജ സിമന്റ്‌സ് പറഞ്ഞു.

2022 ലെ കേന്ദ്ര ബജറ്റില്‍ പിഎംഎവൈ സ്‌കീമിന് (പ്രധാനമന്ത്രി ആവാസ് യോജന) കീഴില്‍ 48,000 കോടി രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8 ദശലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്പനിയുടെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്റ്റുകളിലെ പ്രവര്‍ത്തനം കുത്തനെയുള്ള തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. കൂടാതെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഇപ്പോള്‍ എത്തിയെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താന്‍ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്റെ (എന്‍ഐപി) സഹായം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. ഇത് വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 111 ലക്ഷം കോടി രൂപയുടേതാണ് എന്‍ഐപി പദ്ധതികള്‍. ഇതിന്റെ 80 ശതമാനവും റോഡ്, ഊര്‍ജം, അര്‍ബന്‍ റെയില്‍, ജലസേചനം എന്നീ മേഖലകളിലാണ് ചെലവഴിക്കുക. നിലവില്‍ 31.45 എംടിപിഎ (പ്രതിവര്‍ഷം ദശലക്ഷം ടണ്‍) യാണ് അംബുജ സിമന്റിനുള്ളത്. സിമന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (സിഎംഎ) പോര്‍ട്ടലില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ സിമന്റ് മേഖലയിലെ മൊത്തം സ്ഥാപിത ശേഷി ഏകദേശം 545 എംടിപിഎയാണ്.

Back to top button
error: