KeralaNEWS

ഗുരുവായൂരിലെ ‘ഥാര്‍’ ലേലം: ദേവസ്വം കമ്മിഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും; തീരുമാനം ഹൈക്കോടതി നിര്‍ദേശപ്രകാരം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് ലേലം ചെയ്തത് സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ദേവസ്വം കമ്മിഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിംഗ് നടത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തീരുമാനം. ഉച്ചയ്ക്ക് 3 മണിക്ക് ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്. കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുക. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആര്‍ക്കങ്കിലും എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ക്കും ഹിയറിങ്ങില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.

ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ പരാതി അറിയിക്കാവുന്നതാണ്. പരാതി സീല്‍ ചെയ്ത കവറില്‍ രേഖാമൂലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നല്‍കാം. അല്ലെങ്കില്‍ [email protected] എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. അതുമല്ലെങ്കില്‍ [email protected] എന്ന കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഇ-മെയില്‍ വിലാസത്തിലും പരാതി നല്‍കാം. ഏപ്രില്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് മുന്‍പായി പരാതി സമര്‍പ്പിക്കാമെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. ലഭിക്കുന്ന പരാതികളിലെല്ലാം ഇന്നുതന്നെ ദേവസ്വം കമ്മിഷണര്‍ ഹിയറിങ് നടത്തും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് പിന്നീട് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാല്‍ അയ്യായിരം രൂപയില്‍ കൂടുതലുളള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

നേരത്തെ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ഥാര്‍ ലേലത്തിന് വച്ചപ്പോള്‍ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. അതേസമയം ലേലം വിവാദത്തിലായതോടെ വാഹനം കിട്ടുമെന്നാണ് പ്രതീക്ഷെന്നും പ്രാര്‍ഥിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും പ്രതികരിച്ച് അമല്‍ രംഗത്തെത്തിയിരുന്നു.

 

Back to top button
error: