KeralaNEWS

കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി; മേല്‍നോട്ട സമിതിയധ്യക്ഷനെ മാറ്റില്ല

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ഇപ്പോഴില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്ന് സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങളോടെ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതാകും ആദ്യത്തെ നടപടിയെന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി. കേന്ദ്ര ജലവിഭവ കമ്മിഷന്‍ അധ്യക്ഷനെ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി നിയോഗിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി നിരസിച്ചു.

പുനഃസംഘടിപ്പിക്കപ്പെടുന്ന സമിതിക്കു വിപുലമായ അധികാരങ്ങളുണ്ടാകും. ആ അധികാരമുപയോഗിച്ച് ആദ്യം ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സംവിധാനമൊരുക്കട്ടെ. പുതിയ അണക്കെട്ടാണു വേണ്ടതെന്നുവന്നാല്‍ അക്കാര്യം യഥാസമയം പരിശോധിക്കാം, ഇപ്പോഴില്ല- ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് എ.എസ്. ഓക, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014 മുതല്‍ തുടരുന്ന മേല്‍നോട്ട സമിതി സംവിധാനം അഴിച്ചുപണിയുന്നതു ഗുണകരമാകില്ലെന്നും സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടാകുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഡാം സുരക്ഷാ ഓര്‍ഗെനെസേഷന്‍ ചീഫ് എന്‍ജിനീയര്‍ അധ്യക്ഷനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഓരോ ഉദ്യോഗസ്ഥന്‍ അംഗങ്ങളുമായ സമിതിയാണ് ഇപ്പോഴുള്ളത്. ഇതില്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും ഓരോ വിദഗ്ധ അംഗത്തെക്കൂടി നിയോഗിക്കാം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വരുന്നതുവരെ ഈ സംവിധാനം തുടരും. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച മുഴുവന്‍ ഉത്തരവാദിത്വവുമാണു കോടതി സമിതിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

 

Back to top button
error: