ലോറി മറിഞ്ഞ് വീട്ടുമുറ്റത്ത് നിന്ന ആൾ മരിച്ചു

മലപ്പുറം: പടപ്പരംബയിൽ വീട്ടുമുറ്റത്ത് നിന്നയാൾ ലോറി മറിഞ്ഞ് മരിച്ചു.തണ്ണിമത്തന്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഓടെ തെക്കന്‍ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം.

വീടിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു ശ്രീധരന്‍ നായര്‍.ഈ സമയം ഇവിടെയുള്ള വളവില്‍വെച്ച്‌ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു.തുടർന്ന് സമീപത്തെ വീടിന്റെ മതിലും തകർത്ത് മുറ്റത്ത് നിൽക്കയായിരുന്ന ശ്രീധരൻ നായരുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി ‌വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

 

മൂന്ന് ജെസിബികള്‍ ഉപയോഗിച്ച്‌ 20 മിനിറ്റോളം ശ്രമിച്ച്‌ ലോറി ഉയര്‍ത്തിയാണ്‌ ലോറിക്കടിയില്‍പ്പെട്ട ശ്രീധരനെ പുറത്തെടുത്തത്.എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ലോറിഡ്രൈവര്‍ തമിഴ്നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version