LocalNEWS

പന്തളം നഗരസഭ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫും എല്‍.ഡി.എഫും

പന്തളം: കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ പന്തളം നഗരസഭ വിവിധ മേഖലകളില്‍ കോടികണക്കിന് രൂപാ നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ് വിമര്‍ശനം. ബി.ജെ.പി നഗരസഭയുടെ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ഇവരുടെവിമര്‍ശനമെന്നും എന്തിനും ഏതിനും തെളിവില്ലാതെ നടത്തുന്ന ഇത്തരം വിമര്‍ശനങ്ങള്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് ബി.ജെ.പി തുറന്നടിച്ചു.

മെയിന്റനന്‍സ് ഗ്രാന്റില്‍ മാത്രം 1.26 കോടി രൂപാ സ്പില്‍ ഓവര്‍ ആക്കിയതിലൂടെ 80 ശതമാനം തുകയും നഷ്ടപ്പെട്ടതായാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. നോണ്‍ റോഡ് മെയിന്റനന്‍സിലും 37 ലക്ഷം രൂപായുടെ നഷ്ടമുണ്ട്. തനതു വര്‍ഷം നടത്തേണ്ട പദ്ധതികളുടെ പ്ലാന്‍ ഫണ്ടുള്‍പ്പെടെ കോടികളാണ് നശിപ്പിച്ചത്. ഉത്പാദന മേഖലയില്‍ 37 ശതമാനവും സേവന മേഖലയിലും പൊതുമരാമത്ത് മേഖലയിലും 56 ശതമാനവും മാത്രമാണ് ചെലവാക്കിയിട്ടുള്ളത്. പാവപ്പെട്ടവനു വ്യക്തിഗത ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ അഴിമതിയും ധൂര്‍ത്തും നടത്തി തനതു ഫണ്ടും ഇല്ലാതാക്കി. ഇങ്ങനെ സമസ്ത മേഖലകളിലും പരാജയപ്പെട്ട ചെയര്‍പേഴ്‌സണും ഭരണ സമിതിയും രാജിവയ്ക്കണമെന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ.ആര്‍. വിജയകുമാര്‍, കെ.ആര്‍.രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പന്തളം നഗരസഭയില്‍ പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന 55,30,862 രൂപയുടെ പദ്ധതികള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണ സമിതി നഷ്ടപ്പെടുത്തിയതായി എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലസിതാ നായര്‍ അറിയിച്ചു. നഗരസഭയിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍, റോഡു പുനരുദ്ധാരണം എന്നിവയ്ക്കു പണമായി ലഭിച്ച 1.30 കോടിയിലേറെ രൂപയാണ് നഷ്ടപ്പെടുത്തിയത്. പട്ടികജാതി വിഭാഗത്തിനു കട്ടില്‍ വാങ്ങാനുള്ള സ്പില്‍ ഓവര്‍ പദ്ധതി നാലുലക്ഷത്തോളം രൂപ, ധനകാര്യകമ്മീഷന്‍ ഗ്രാന്റ് 44 ലക്ഷം രൂപ, നോണ്‍ റോഡ് ഇനത്തില്‍ ലഭിച്ച 30 ലക്ഷം രൂപ എന്നിവയും ലാപ്‌സായി.

വിവിധ മേഖലകളിലായി 2.10 കോടി രൂപയാണു നഷ്ടപ്പെടുത്തിയിരിക്കുന്നത്. നെല്‍ കര്‍ഷകരുടേയും ഏത്തവാഴ കര്‍ഷകരുടേയും ക്ഷീര കര്‍ഷകരുടെയും സബ്‌സിഡികള്‍, കാലിത്തൊഴുത്തു നിര്‍മ്മാണം, ജനറല്‍ വീട് മെയിന്റനന്‍സ് എന്നിവക്കുള്ള തുകയും വിതരണം ചെയ്തിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി ഭരണ സമിതി പന്തളത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും രാജി വെച്ചൊഴിയണമെന്നും ലസിതാ നായര്‍ ആവശ്യപ്പെട്ടു.

Back to top button
error: