BusinessTRENDING

5ജി സ്പെക്ട്രം ലേലം: ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് സേവനദാതാക്കള്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് ടെലികോം സേവനദാതാക്കള്‍. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍-ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. 5ജി ലേലം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ടെലികോം കമ്പനികളുടെ നീക്കം.

സ്വകാര്യ കമ്പനികള്‍ 5ജി സ്പെക്ട്രം സ്വന്തമാക്കിയാല്‍ അത് ടെലികോം സേവനദാതാക്കളുടെ വരുമാനം ഇടിയാന്‍ കാരണമാവും. നിലവില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 20 ശതമാനവും വരുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെയാണ്. 5ജി എത്തുന്നതോടെ ഈ മേഖലയില്‍ നിന്നുള്ള ടെലികോം സേവനദാതാക്കളുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനായും മറ്റും ജിയോ, എയര്‍ടെല്‍ തുടങ്ങിയവയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി വൈഫൈ, ഡാറ്റാ നെറ്റ്വര്‍ക്കും മറ്റും സ്ഥാപിക്കാനാവും. പുറമേയ്ക്കുള്ള ആശയ വിനിമയങ്ങള്‍ക്ക് മാത്രം ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിച്ചാല്‍ മതിയാവും. അതേ സമയം സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

Back to top button
error: