KeralaNEWS

എല്ലാ തസ്തികയിലും വനിതകളെ പരിഗണിക്കില്ല, അത് ഏതൊക്കെ വകുപ്പുകളാണ്…?

തുല്യനീതിക്കും തുല്യ അവസരങ്ങൾക്കും തുല്യ സ്ഥാനമാനങ്ങൾക്കും വേണ്ടി സ്ത്രീസമൂഹം പോരാടാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിൽ വലിയ വിജയം നേടുകയും ചെയ്തിട്ടുണ്ട്. മദ്യം വിൽക്കാനും വിളമ്പാനും വരെ ഇപ്പോൾ സ്ത്രീകൾ മുൻ നിരയിലുണ്ട്.

എന്നാൽ ഇന്നും വനിതകളെ പരിഗണിക്കാത്ത പല വകുപ്പുകളുമുണ്ട്.
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്ന എല്ലാ തസ്തികകളിലും വനിതകളെ പരിഗണിക്കാറില്ല. എല്ലാ കാറ്റഗറികളിലെയും വാച്ച്മാൻ, വാച്ചർ, ചൗക്കിദാർ, ക്ലീനർ കം കണ്ടക്ടർ, ക്ലീനർ (ബോട്ട് ക്ലീനർ, വാൻ ക്ലീനർ, ട്രാക്ടർ ക്ലീനർ, ആംബുലൻസ് ക്ലീനർ, ലോറി ക്ലീനർ), ഫിഷർമാൻ, ഫിഷർമാൻ കം വാച്ച്മാൻ, ബോട്ട്മാൻ, ലാസ്കർ, ബുൾ അറ്റൻഡർ, ബുൾ കീപ്പർ തുടങ്ങിയവയാണ് വനിതകളെ പരിഗണിക്കാത്ത ചില തസ്തികകൾ.

എല്ലാ തസ്തികയിലും  പരിഗണിക്കില്ല

വിവിധ വകുപ്പുകളിലേക്കു നിയമന ശുപാർശ തയാറാക്കുന്ന അവസരത്തിൽ വനിതകളുടെ ഊഴമെത്തുമ്പോൾ ഒഴിവ് മുകളിൽ പറഞ്ഞ തസ്തികയിലാണെങ്കിൽ ആ ഒഴിവുകളിൽ വനിതകളെ ശുപാർശ ചെയ്യില്ല. അവരെ മാറ്റിനിർത്തി (പാസ് ഓവർ) അടുത്ത ഉദ്യോഗാർഥിയെ ശുപാർശ ചെയ്യും.

കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ പൊതുവായ റാങ്ക് ലിസ്റ്റിൽനിന്നു നിയമിക്കപ്പെടുന്ന സമാന തസ്തികയിലേക്കുള്ള ജീവനക്കാർക്ക് അവരുടെ അപേക്ഷപ്രകാരം സമാന തസ്തികകളിൽ തസ്തികമാറ്റം അനുവദിക്കുന്നതാണ്. ഇവർ ആ തസ്തികയിൽ ജൂനിയർ നിലവാരത്തിലായിരിക്കും.

നൈറ്റ് വാച്ച്മാൻ അവസരമില്ല

വനിതാ ഉദ്യോഗാർഥികളെ നൈറ്റ്‌ വാച്ച്മാൻ തസ്തികയിൽ പരിഗണിക്കാനാവില്ല. പല വകുപ്പുകളിലും നൈറ്റ് വാച്ച്മാൻ തസ്തികയിൽ നിയമനം ലഭിക്കുന്ന പുരുഷ ഉദ്യോഗാർഥികളെ ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് തസ്തികമാറ്റം നൽകി നിയമിക്കാറുണ്ട്.

ഇക്കാരണത്താൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഒഴിവുകൾ ലഭ്യമാകാതെ വരുന്നതായും ഒഴിവുകളെല്ലാം നൈറ്റ്‌ വാച്ച്മാൻ തസ്തികയിൽനിന്ന് മാത്രം റിപ്പോർട്ട് ചെയ്യുന്നതായും ഇത് വനിതാ ഉദ്യോഗാർഥികളുടെ നിയമനത്തെ ബാധിക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Back to top button
error: