ഇന്ത്യയിലെ കമ്പനികളില്‍ നിയമനങ്ങള്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്

ന്ത്യയിലെ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധവും പണപ്പെരുപ്പ ആഘാതവും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കമ്പനികള്‍ അവരുടെ നിയമന പദ്ധതികള്‍ ശക്തമാക്കുന്നത് തുടരുന്നുണ്ടെന്നാണ് ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 21 മേഖലകളിലെയും 14 നഗരങ്ങളിലെയും 800-ലധികം ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 54 ശതമാനം കമ്പനികള്‍ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ റോളുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ലെ ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളേക്കാള്‍ 18 ശതമാനം കൂടുതലാണിത്. 2021 ലെ ഒന്നാം പാദത്തില്‍ 34 ശതമാനമായിരുന്നു. നിയമനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നത് ഐടി മേഖലയിലാണ്, (95 ശതമാനം). വിദ്യാഭ്യാസ സേവനങ്ങള്‍ (86 ശതമാനം), സ്റ്റാര്‍ട്ടപ്പുകളും ഇ-കൊമേഴ്‌സും (81 ശതമാനം), ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ (78 ശതമാനം), ടെലികോം (75 ശതമാനം), എഫ്എംസിജി എന്നിവയാണ് നിയമനങ്ങളില്‍ വളര്‍ച്ച നേടിയ മറ്റ് മേഖലകള്‍.

‘ആളുകള്‍ ഓഫീസുകളിലേക്കും ബിസിനസുകളിലേക്കും തിരിച്ചുവരുന്നതും ഉപഭോഗം വര്‍ധിക്കുന്നതും ജീവിതം സാധാരണ നിലയിലാകുന്നതും എല്ലായിടത്തും ശുഭാപ്തിവിശ്വാസത്തിന്റെ അടയാളമാണ്. ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാനുള്ള കഴിവില്‍ മിക്ക കമ്പനികള്‍ക്കും ശക്തമായ വിശ്വാസമുണ്ട്. ഈ വികാരം പ്രതിഫലിപ്പിക്കുന്നു. ജോലിക്കെടുക്കാനുള്ള താല്‍പ്പര്യം വര്‍ധിച്ചു,’ ടീം ലീസ് സര്‍വീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഋതുപര്‍ണ ചക്രവര്‍ത്തി പറഞ്ഞു. മെട്രോ, ടയര്‍-1 നഗരങ്ങളിലെ കമ്പനികളുടെ റിക്രൂട്ട് പ്ലാനുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി ഡാറ്റ കാണിക്കുന്നു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതല്‍ നിയമനങ്ങള്‍ക്ക് സാധ്യത. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ യഥാക്രമം 91 ശതമാനം, 78 ശതമാനം വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version