ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി റിപ്പോർട്ട്

ലോക്ക് ഡൗൺ സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് ബാല വിവാഹങ്ങൾ കൂടിയതായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും റിപ്പോർട്ട് നൽകിയിരുന്നു.

നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മാത്രം ഏഴു വിവാഹങ്ങൾ നടന്നതായാണ് കണ്ടെത്തൽ. ഇത് തടയാൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്, ഇൻറലിജൻസ് എഡിജിപി നിർദ്ദേശം നൽകി

പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളുടെ വിവാഹമാണ് ഇത്തരത്തിൽ നടന്നത്. പാറത്തോട് , ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണധികവും. ലോക്ക് ഡൌൺ സമയത്ത് സ്ക്കൂളുകളില്ലാതിരുന്നതിനാൽ കുട്ടികളെ തോട്ടം മേഖലകളിൽ ജോലിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ബാധ്യത ഒഴിവാക്കാൻ പിന്നീട് വിവാഹം ആലോചിച്ച് ഉറപ്പിക്കും. പൊലീസിൻറെയും ശിശു സംരക്ഷണ വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് കല്യാണം നടത്തും. 24 മുതൽ 30 വയസ്സു വരെയുള്ള പുരുഷന്മാരാണ് വിവാഹം കഴിക്കുന്നത്. ആഴ്ചകൾക്ക് ശേഷം തിരികെ എത്തുമ്പോഴായിരിക്കും സംഭവം പുറത്തറിയുക. അതിനാൽ പോലീസിന് നടപടി എടുക്കാനും തടസ്സമുണ്ടാകുന്നുണ്ട്. കേസിൽ ഭർത്താവും അച്ചനും അറസ്റ്റിലായാൽ പെൺകുട്ടിയുടെ ഭാവിജീവിതം തകരുമെന്നും റിപ്പോർട്ടിലുണ്ട്.

.ഇതേത്തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഇന്റലിജൻസ് എഡിജിപി നിർദ്ദേശിച്ചു. ഈ അന്വേഷത്തിനു ശേഷം ഡി വൈ എസ് പി ആർ.സന്തോഷ് കുമാർ നൽകിയ റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version