BusinessTRENDING

ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളില്‍ അവതരിപ്പിച്ചു. റൂപേ കാര്‍ഡ് സേവനം നടപ്പില്‍ വരുത്തുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യുഎഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് റൂപേ കാര്‍ഡിന് നേപ്പാള്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നുവെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇരു നേതാക്കളും റൂപേ പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചത്. നേപ്പാളില്‍ റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത് നമ്മുടെ സാമ്പത്തിക ബന്ധത്തിന് ഒരു പുതിയ അധ്യായം നല്‍കുമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ നീക്കം ഉഭയകക്ഷി വിനോദസഞ്ചാര പ്രവാഹം സുഗമമാക്കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ബഹുമുഖ പേയ്മെന്റ് സംവിധാനം എന്ന റിസര്‍വ് ബാങ്കിന്റെ വീക്ഷണത്തിന്റെ ഭാഗമായി 2012ലാണ് റൂപേ കാര്‍ഡ് പദ്ധതി ആരംഭിച്ചത്.

Back to top button
error: