KeralaNEWS

മാവോയിസ്റ്റ്- തീവ്രവാദ ഗ്രൂപ്പുകൾക്ക് ജീവൻ വയ്ക്കുന്നു, കണ്ണൂരിലും കോഴിക്കോട്ടും വയനാടും പാലക്കാടും മാവോയിസ്റ്റ് സംഗമം

യനാട്: വർഷങ്ങളായി പ്രവർത്തനങ്ങൾ മന്ദീഭവിച്ചു പോയ മാവോയിസ്റ്റ് തീവ്രവാദ വിഭാഗങ്ങൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ വയനാട് പുതുപ്പാടി മട്ടിക്കുന്നിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവയാണ് മാവോയിസ്റ്റ് പ്രശ്‌നബാധിത ജില്ലകൾ. കോഴിക്കോട് ചക്കിട്ടപ്പാറ, ചെമ്പനോട, മുതുകാട് പ്രദേശങ്ങളിലും കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയിലും പാലക്കാട് അട്ടപ്പാടിയിലും വയനാടൻ കാടുകളിലുമൊക്കെ ഇപ്പോഴും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കണ്ണൂർ മേലെപാല്‍ ചുരത്തിന് സമീപത്തെ കാട്ടിലൂടെ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ആയുധ ധാരികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.
മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

കുറച്ചു ദിവസം മുമ്പ് നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തിയതായും വിവരം ലഭിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയത്.
ആറ് പേരടങ്ങുന്ന ഈ സംഘത്തിന്റെ കയ്യില്‍ തോക്കുമുണ്ടായിരുന്നു.

മൂന്നു മാസം മുൻപ് കോഴിക്കോട് മലയോരമേഖലയായ ചക്കിട്ടപ്പാറ പഞ്ചായത്തിൽ ചെമ്പനോട, മുതുകാട് ഭാഗത്ത് മാവോയിസ്റ്റുകൾ എത്തി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഇപ്പോഴും ഓഫിസിലേക്ക് വരുന്നതും പോവുന്നതും തണ്ടർബോൾട്ടിന്റെ സുരക്ഷയിലാണ്. കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ചതാണ് തണ്ടർബോൾട്ട് കമാൻഡോ വിഭാഗം.
സി.പി.എംകാരനായ കെ.സുനിലിനു നേരെ ഏതു നിമിഷവും മാവോയിസ്റ്റ് ആക്രമണമുണ്ടായേക്കും എന്ന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ ക്രമീകരണം.

ജില്ലയുടെ മലയോരമേഖലയിൽ അടുത്തകാലത്ത് സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. മുതുകാട്, പശുക്കടവ് പ്രദേശങ്ങളിൽ മാർച്ച് ഏഴിനാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതായി സ്ഥിരീകരിച്ചത്. നെല്ലിമല മാത്യു, അഗസ്തി പുതുശ്ശേരി, രതീഷ് അഞ്ചാനിക്കൽ എന്നിവരുടെ വീടുകളിലെത്തിയ ആറംഗസംഘം അരിയും പച്ചക്കറികളും ശേഖരിച്ചു മടങ്ങി. ഈ സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വയനാട്- മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന നിലമ്പൂർ കാടുകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് സോമൻ്റെ നേതൃത്വത്തിൽ, വയനാട് നിർജ്ജീവമായിരുന്ന ഗ്രൂപ്പുകൾ പുനസംഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു.

ഇതിനിടെ കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതു ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിട്ടുള്ളത്.
കീഴടങ്ങുന്നവർക്ക് മികച്ച തൊഴിലും ജീവിത സാഹചര്യവുമൊരുക്കി പിന്നീട് മാവോയിസ്റ്റ് സംഘങ്ങളിലേക്ക് മടങ്ങുന്നില്ലെന്നും പദ്ധതി ഉറപ്പാക്കും.
കർണാടകയിലെ വിരാജ്‌പേട്ട് സ്വദേശി ലിജേഷ് എന്ന രാമു (37) നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിക്കു മുന്നിൽ കീഴടങ്ങിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാമുവിന് പുനരധിവാസ പാക്കേജ് പ്രകാരം 4.44 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകാൻ തീരുമാനിച്ചു. എറണാകുളം ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും തുടർ പഠനത്തിന് പ്രതിവർഷം 15,000 രൂപയും രാമുവിന് ലഭിക്കും. സർക്കാർ ഐ.ടി.ഐകളോ സമാന സ്ഥാപനങ്ങളോ മുഖേന നൈപുണ്യ വികസന പരിശീലനം ലഭ്യമാക്കാനും നിശ്ചയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ മികച്ച പാക്കേജ് ഉറപ്പാക്കുന്നതിലൂടെ കൂടുതൽ പേർ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാവോയിസ്റ്റ് വേട്ടക്കായി കേരളം കേന്ദ്ര സഹായം സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രലായം വ്യക്തമാക്കി. കെ.സുധാകരന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി ഭരണത്തിൽ ഇതുവരെ എട്ടു മാവോയിസ്റ്റുകൾ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്.

Back to top button
error: