NEWS

മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രിൽ 6 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രില്‍ ആറിന് തുടങ്ങും.ഫീസ് അടയ്ക്കാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10.

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതല്‍ അഞ്ചു വരെ പേപ്പര്‍ രണ്ട് -മാത്തമാറ്റിക്സും നടക്കും. കേരളത്തിനു പുറമെ മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും.

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനത്തിന് ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവന്‍ സ്ട്രീമിലേക്കും ഒന്നിച്ച്‌ അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ 12,000 രൂപ അധികമായി ഓണ്‍ലൈനായി അടയ്ക്കണം.

www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പണം നടത്താം. അപേക്ഷാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോര്‍മാറ്റില്‍), ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്ബര്‍ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കേണ്ടത്.

അപേക്ഷാര്‍ഥിയുടെ പേര്, ജനന തീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്ബര്‍, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. ഈ ഘട്ടത്തില്‍ ലഭിക്കുന്ന അപേക്ഷ നമ്ബര്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.

ഓണ്‍ലൈനായോ വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന ഇ-ചെലാന്‍ മുഖേന പോസ്റ്റോഫിസ് ശാഖകള്‍ വഴിയോ ഫീസടയ്ക്കാം. അപേക്ഷാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകള്‍ എന്നിവ നിര്‍ദേശങ്ങള്‍ക്കനുസൃതമായി അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ അക്നോളജ്മെന്‍റ് പേജിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കണം. നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും ഓണ്‍ലൈനായി ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം.

കേരളത്തില്‍ മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി) പരീക്ഷ എഴുതി യോഗ്യത നേടണം. ഈ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നീറ്റ് പരീക്ഷ തീയതി ഉള്‍പ്പെടെയുള്ള വിജ്ഞാപനം വൈകാതെ www.nta.ac.inwww.neet.nta.nic.in വെബ്സൈറ്റുകളില്‍ ലഭ്യമാകും. നീറ്റ് പരീക്ഷയിലെ സ്കോര്‍ പരിഗണിച്ച്‌ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ കമീഷണര്‍ തയാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നായിരിക്കും കേരളത്തിലെ മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നല്‍കുക. ആര്‍ക്കിടെക്ചര്‍ കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങള്‍ www.nata.in വെബ്സൈറ്റില്‍.

Back to top button
error: