IndiaNEWS

ഉടുത്തിരുന്ന ചുവപ്പുസാരി അഴിച്ച് പാളത്തിൽ കെട്ടി ട്രെയിൻ നിർത്തിച്ച് ഓംവതി, രക്ഷിച്ചത് നൂറ് കണക്കിനാളുകളുടെ ജീവൻ

ഗുലേരിയ: ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലെ ഈ കൊച്ചുഗ്രാമത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഓംവതി എന്ന യുവതി. കഴിഞ്ഞ ദിവസം സ്വന്തം കൃഷിയിടത്തിലേക്കു പോകുമ്പോഴാണ് തൻ്റെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന റെയിൽ പാളത്തിൽ അപകടകരമായ വിള്ളൽ ഓംവതിയുടെ ശ്രദ്ധയിൽ പെട്ടത്. ട്രെയിൻ കടന്നു പോകേണ്ട സമയമായിരുന്നു അത്. ഓംവതി മറ്റൊന്നും ആലോചിച്ചില്ല. ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് റെയിൽവേ പാളത്തിനു കുറുകെ കെട്ടി. അപായ സൂചന മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി കാര്യം തിരക്കി. യുവതി കാര്യം ബോധ്യപ്പെടുത്തി. ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലെ അവാഗർ ബ്ലോക്കിനു സമീപത്തായിരുന്നു നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിച്ച ഈ സംഭവം.

ഇറ്റയിൽ നിന്നും തുണ്ട്‌ലയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഗുലേരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഗ്രാമവാസിയായ ഓംവതി കൃഷിയിടത്തിലേക്കു പോയതും പാളത്തിലെ അപകടകരമായ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതും. ട്രെയിന്‍ കടന്നു പോകുന്ന സമയമായതിനാൽ അപകടം മനസ്സിലാക്കിയ ഓംവതി ഉടൻ തന്നെ ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിനു കുറുകെ കെട്ടി അപകട മുന്നറിയിപ്പ് നൽകി.

ട്രെയിൻ നിർത്തി കാര്യം തിരക്കിയ ലോക്കോ പൈലറ്റിന് യുവതി പാളത്തിലെ വിള്ളൽ കാണിച്ചു കൊടുത്തു. തുടർന്ന് അറ്റകുറ്റ പണികൾ കഴിഞ്ഞ് ഏറെ സമയത്തിനു ശേഷമാണ് ഇതുവഴി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
എന്തായാലും അനേകരുടെ ജീവൻ രക്ഷിച്ച ഓംവതി ഗ്രാമവാസികൾക്കിടയിൽ താരമായി തീർന്നു.

Back to top button
error: