Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രിയില്‍ വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം; ഇന്നും തുടരുമെന്ന് വിദ്യാര്‍ഥികള്‍

കോഴിക്കോട്: എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ഗവ. മെഡിക്കല്‍ കോളജ്, കെഎംസിടി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഞായറാഴ്ച രാത്രി ഗവ. മെഡിക്കല്‍ കോളജ് ഓഫിസിന് മുന്‍പില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം തിങ്കളാഴ്ചയും തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

10 മുതല്‍ 12 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട അവസാന വര്‍ഷ എംബിബിഎസ് ക്ലാസുകള്‍ 6 മാസം കൊണ്ട് നടത്തി പരീക്ഷ നടത്തുന്നത് ശരിയല്ല. സംസ്ഥാനത്ത് 73% വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടില്ല. കേരള ആരോഗ്യ സര്‍വകലാശാലയുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ശക്തമായ സമരത്തിലാണെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആക്കിഫ് നാസിം പറഞ്ഞു.

മതിയായ ക്ലിനിക്കല്‍ ക്ലാസുകള്‍ നല്‍കിയതിനുശേഷം മാത്രം പരീക്ഷ നടത്തുക, വിദ്യാര്‍ഥികളുടെ അടിസ്ഥാന ആവശ്യം അംഗീകരിക്കുക, വിദ്യാര്‍ഥികളെ മാനസിക സംഘര്‍ഷത്തിലാക്കുന്ന തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആക്കിഫ് നാസിം, ജനറല്‍ ക്യാപ്റ്റന്‍ ആസിഫ് കെ. നാസര്‍, ആവണി ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: