KeralaNEWS

കണ്ണ് തുറക്കൂ, കരുണ കാട്ടൂ കേരളമേ…

ജോൺ പോൾ ആർദ്രതയുടെ പര്യായമാണ് മലയാളിക്ക്. നമ്മെ പുതിയൊരു ഭാവതലത്തിലേക്ക് ആനയിച്ച എത്രയോ ചിത്രങ്ങളാണ് ആ തൂലികയിൽ നിന്നു പിറവിയെടുത്തത്.

ഭരതന്‍റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചാമരത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള ജോണ്‍പോളിൻ്റെ കടന്നുവരവ്.
വിട പറയും മുന്‍പേ, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ആലോലം, സന്ധ്യ മയങ്ങും നേരം, രചന, കാതോട് കാതോരം, യാത്ര, കേളി, ചമയം തുടങ്ങി അറുപതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. ഒപ്പം അധ്യാപകനായും പ്രഭാഷകനായും അദ്ദേഹം വൃക്തിമുദ്ര പതിപ്പിച്ചു.

പ്രതിഭാധനനായ ഈ ജോണ്‍പോള്‍ രണ്ടു മാസത്തിലേറെയായി ഗുരുതരമായ നിലയിൽ ആശുപത്രിയിൽ കഴിയുന്ന കാര്യം സാംസ്കാരിക കേരളം വേണ്ടത്ര പരിഗണിച്ചിട്ടില്ല. തീവ്ര പരിചരണ വിഭാഗത്തില്‍ നാളുകളെണ്ണി കഴിയുന്ന അദ്ദേഹത്തിന് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
ചികിത്സാ സഹായ നിധി സംഭരിക്കാൻ പ്രയാസമുള്ള നാടല്ല കേരളം. എന്നിട്ടും നന്ദികേടും അവഗണനയും തുടരുകയാണ്.

ഇതിനിടെ ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചു.
അദേഹത്തെ എറണാകുളം ലിസി ആശുപത്രിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദർശിച്ചു. ചികിത്സയുടെ കാര്യം ജോൺപോളിന്റെ മകളുമായി നേരത്തെ ചർച്ചചെയ്തിരുന്നതായും
ചികിത്സാ സഹായത്തിന്റെ കാര്യം സാനുമാഷ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു എന്നും മന്ത്രി അറിയിച്ചു.

എന്തായാലും ഈ ആവശ്യത്തിനായി ജോണ്‍ പോളിന്‍റെ സുഹൃത്തുക്കള്‍ ഒരു ചികിത്സാസഹായ ഫണ്ട് ആരംഭിച്ചിട്ടുണ്ട് . അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ ലഭിക്കേണ്ടത്.

ജോണ്‍ പോളിന്‍റെ സുഹൃത്തുക്കള്‍ പുറത്തിറക്കിയ കുറിപ്പ്:

“പ്രിയപ്പെട്ടവരെ,
പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ജോണ്‍പോള്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി രോഗാതുരമായ അവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. താങ്കള്‍ക്ക് അറിയുന്നതുപോലെ ഈ രണ്ട് മാസം കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബം സാമ്പത്തികമായ വലിയ പ്രതിസന്ധിയില്‍ ആണ്. പൊതുസമൂഹത്തിന്‍റെ സഹായത്തോടെയല്ലാതെ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ജോണ്‍പോളിനുവേണ്ടി ഒരു ചികിത്സാ സഹായം സമാരംഭിച്ചിരിക്കുകയാണ്. ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ട് ആണ് അതിനായി ഉപയോഗിക്കുന്നത്. താങ്കളുടെ സമാഹരണങ്ങളും സഹായവും സാദരം അഭ്യര്‍ഥിക്കുന്നു.

Gibi N Abraham,
Naduviledathu, Anchalpetty
Account Number- 67258022274,
IFSC Code- SBIN0070543,
State Bank Of India, Kakoor Branch എന്ന അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. 9446610002 എന്ന ഗൂഗിള്‍ പേ നമ്പരിലേക്കും സഹായങ്ങള്‍ അയക്കാം.”

പ്രൊഫ. എം കെ സാനു, പ്രൊഫ, എം തോമസ് മാത്യു, ഫാ. തോമസ് പുതുശ്ശേരി, എം. മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ, മനു റോയ്, സി ജി രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായാഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

Back to top button
error: