KeralaNEWS

സതീശനെതിരേ പടപ്പുറപ്പാടിനൊരുങ്ങി ഐഎന്‍ടിയുസി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പടപ്പുറപ്പാടിനൊരുങ്ങി ഐഎന്‍ടിയുസി. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസിയെന്ന പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സതീശനെതിരെ ചങ്ങനാശേരി മോഡല്‍ പ്രതിഷേധം വ്യാപകമാക്കാന്‍ നീക്കം. ചങ്ങനാശേരിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്നും തീരുമാനമായി. കുത്തിത്തിരിപ്പുകാര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടെന്നാണ് ചങ്ങനാശേരി യൂണിയന്റെ നിലപാട്

അഖിലേന്ത്യാ പണിമുടക്കിലുണ്ടായ അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വരുത്താന്‍ നടത്തിയ ഈ പ്രസ്താവന തിരുത്താന്‍ വി.ഡി.സതീശന് ഐഎന്‍ടിയുസി നല്‍കുന്ന സമയം തിങ്കളാഴ്ച രാവിലെ വരെയാണ്. നിലപാടില്‍ സതീശന്‍ ഉറച്ചുനിന്നാല്‍ തിങ്കളാഴ്ച ഐഎന്‍ടിയുസി നേതാക്കള്‍ സതീശനെതിരെ വാര്‍ത്താസമ്മേളനം നടത്തുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്യും. ചങ്ങനാശേരിയിലുണ്ടായ പ്രകടനം സ്വാഭാവിക പ്രതികരണമാണെന്നും അതിന്റെ പേരില്‍ നടപടിയെടുക്കേണ്ടതില്ലെന്നുമാണ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലെ തീരുമാനം.

സതീശനെതിരേ കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കാനും തൊഴിലാളി സംഘടന തീരുമാനിച്ചു. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം തള്ളിയത് സതീശന്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി. അതേസമയം, തന്റെ പ്രസ്താവന കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്ന സതീശന്റെ പ്രസ്താവനയോട് കെ.സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുത്തിത്തിരിപ്പുകാര്‍ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടെന്ന് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി.പി. തോമസ് പറഞ്ഞു. നടപടിയുണ്ടായാലും ഭയമില്ല. കോണ്‍ഗ്രസ് നേതൃതവം മര്യാദ കാണിക്കണം. എല്ലാക്കാലത്തും ഒരുമിച്ച് നിന്നിട്ട് പ്രതിസന്ധിയില്‍ തള്ളിപ്പറയുന്നത് മര്യാദയല്ലെന്ന് തൊഴിലാളി നേതാക്കളും പറയുന്നു. പ്രശ്‌നം പരിഹരിച്ചെങ്കില്‍ സംസ്ഥാന പ്രസിഡന്റ് വിശദീകരിക്കട്ടെ എന്നാണ് ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ നിലപാട്.

Back to top button
error: