KeralaNEWS

ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടത് അനിവാര്യമെന്ന് എ.വി ജോര്‍ജ്, പകപോക്കലെന്നും നിയമപരമായി നേരിടുമെന്നും ഉമേഷ്

കോഴിക്കോട്: ഫറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിന് നിര്‍ബന്ധ വിരമിക്കൽ നിര്‍ദ്ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസിനെ നിരന്തരം വിമര്‍ശിച്ചതിനാണ് നടപടി. സിറ്റി പൊലിസ് കമ്മീഷണര്‍ ഐജി എ.വി. ജോര്‍ജ് വിരമിക്കുന്നതിന് തൊട്ടു മുമ്പ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു.

അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്നും അനിവാര്യമായ നടപടിയാണിതെന്നും എ.വി ജോര്‍ജ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ ‘പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം’ എന്ന സംവാദത്തില്‍ സംസാരിച്ചതിനാണ് കമ്മീഷണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ അയച്ചത്.

ഈ നടപടിപകപോക്കലെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. എ.വി.ജോര്‍ജ് വിരമിക്കും മുന്‍പ് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. സര്‍വീസില്‍നിന്ന് നീക്കുമെന്ന് എ.വി ജോര്‍ജ് പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. പൊലീസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത നിര്‍ബന്ധിത വിരമിക്കലിനെ നിയമപരമായി നേരിടുമെന്നും ഉമേഷ് വ്യക്തമാക്കി.

“എ.വി ജോർജ് എന്താണെന്നും അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനമെന്താണെന്നും എല്ലാവർക്കും അറിയാം. അങ്ങനെ ഒരു ഉദ്യോഗസ്ഥൻ എന്നെക്കുറിച്ച് ഇങ്ങനെ പറയുന്നതിൽ എനിക്ക് തമാശയേ ഉള്ളൂ…”
ഉമേഷ് പറയുന്നു:
“ഞാൻ ഹാപ്പിയാണ്. ഒരു പുസ്തകമെഴുതുന്നുണ്ട്. അത് പൂർത്തിയാക്കണം. പിന്നെ ഇതുവരെ ക്രിമിനൽ കേസിലൊന്നും പെടാത്ത ഒരു പോലീസുകാരനേയും പോലീസിൽ നിന്ന് പിരിച്ചുവിട്ട ചരിത്രം എനിക്ക് ഓർമയില്ല. ഞാൻ ഒരു ക്രിമിനൽ കേസിലും പ്രതിയല്ല. പോലീസിലെ ക്രമക്കേടിനെക്കുറിച്ചും പുഴുക്കുത്തുകളെക്കുറിച്ചുമാണ് ഞാൻ സംസാരിച്ചത്. അത് പൂർണബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. പോലീസുകാരൻ ഒരു സിനിമാ പോസ്റ്റർ സമൂഹ മാധ്യമത്തിൽ പങ്കുവെക്കാൻ പാടില്ലെന്നും പ്രണയിക്കരുതെന്നും ചർച്ചകളിൽ പങ്കെടുക്കരുതെന്നും പോലീസ് സർക്കുലറിൽ പറയുന്നില്ല. എന്നാൽ എനിക്കെതിരേ നടന്ന നടപടിയുടെ കാരണങ്ങളൊക്കെ മേൽപറഞ്ഞതിൽ പെടുന്നതാണ്.
ഞാനൊരു വിപ്ലവ പോലീസുകാരനല്ല. എല്ലാപ്രാരാബ്ദങ്ങളുമുള്ള ഒരു സാധാരണ പോലീസുകാരനാണ്. പക്ഷെ തെറ്റുകൾക്കെിരേ മിണ്ടാതിരിക്കാൻ അറിയില്ല. കമ്മീഷണറായിരുന്ന എ.വി ജോർജ്ജ് എന്നെ കുത്തി കുത്തി ശബ്ദിപ്പിക്കുകയായിരുന്നു.
അദ്ദേഹം എനിക്കുണ്ടാക്കി തന്ന മൈലേജ് വളരെ വലുതാണ്. അതിന് അദ്ദേഹത്തോട് വലിയ നന്ദിയുണ്ട്. അദ്ദേഹത്തിന്റെ സർവീസ് ചരിത്രമൊക്കെ എല്ലാവർക്കും അറിയാം. അത്ര നെഗറ്റീവ് ഒന്നും എനിക്കില്ല. ഒരുപക്ഷെ അതുകൊണ്ടാവാം എന്നെ വല്ലാതെ പിന്തുടർന്നത്. എന്റെ പണി കളയുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞതാണ്. അതായിരിക്കാം പിരിഞ്ഞ് പോവുന്നതിന്റെ അവാസാന ദിവസം എനിക്കെതിരേയുള്ള നോട്ടീസിൽ ഒപ്പിട്ട് പോയത് .”

Back to top button
error: