World

റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേ യുഎസ്

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യ കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങുന്നതിനെതിരേ യു.എസ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യക്ക്മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎസ് മുന്നറിയിപ്പെന്നാണ് സൂചന.

നിലവിലെ യുഎസ് ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല. അതേസമയം, സാധാരണ വാങ്ങുന്നതിലധികം എണ്ണ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് ലോകരാജ്യങ്ങളെ വിലക്കാനുള്ള നടപടികളുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യുഎസിന്റെ ഭീഷണി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ സ്പോട്ട് ടെന്‍ഡറിലൂടെയാണ് റഷ്യന്‍ കമ്പനികളില്‍ നിന്നും എണ്ണ വാങ്ങുന്നത്. ഫെബ്രുവരി 24 മുതല്‍ ഇതുവരെ 13 മില്യണ്‍ ബാരല്‍ എണ്ണ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ലാകെ 16 മില്യണ്‍ ബാരല്‍ എണ്ണ മാത്രമാണ് ഇന്ത്യ വാങ്ങിയത്.

 

Back to top button
error: