Business

ഫെബ്രുവരിയില്‍ 8 തന്ത്രപ്രധാന മേഖലകളില്‍ 5.8 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: തന്ത്രപ്രധാന മേഖലകളില്‍ എട്ട് വിഭാഗങ്ങളിലെ ഉത്പാദനം ഫെബ്രുവരിയില്‍ 5.8 ശതമാനം വര്‍ധിച്ചു. കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് വ്യവസായങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട ഉത്പാദനം മൂലം കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് അടിസ്ഥാന നിര്‍മാണ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാന മേഖലകളിലെ ഉത്പാദനം 3.3 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ നാല് ശതമാനം വളര്‍ച്ച നേടി. ഫെബ്രുവരിയില്‍ കല്‍ക്കരി ഉത്പാദനം 6.6 ശതമാനവും, പ്രകൃതി വാതകം 12.5 ശതമാനവും ഉയര്‍ന്നപ്പോള്‍, റിഫൈനറി ഉത്പന്നങ്ങള്‍ 8.8 ശതമാനവും, സിമന്റ് അഞ്ച് ശതമാനവും വളര്‍ച്ച കൈവരിച്ചു. എന്നാല്‍ മറുവശത്ത് ക്രൂഡ് ഓയിലി?ന്റേയും, വളത്തിന്റേയും ഉത്പാദനം കുറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന മേഖലകളിലെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 11 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 8.1 ശതമാനം ഇടിവാണുണ്ടായിരുന്നത്. വ്യാവസായിക ഉത്പാദന സൂചികയില്‍ (ഐഐപി) അടിസ്ഥാന മേഖലകള്‍ക്ക് 40.27 ശതമാനം വെയിറ്റേജ് ഉണ്ട്.

 

Back to top button
error: