Kerala

പൂജപ്പുരയിലെ തടവുകാര്‍ വിതുമ്പിക്കരഞ്ഞ് നല്‍കിയ ഒരു അത്യപൂര്‍വ യാത്രയയപ്പ്

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡി.ഐ.ജി: എസ് സന്തോഷിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി തടവുകാര്‍. കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ജയില്‍ അന്തേവാസികള്‍ പ്രിയപ്പെട്ട ഉദ്യോഗസ്ഥന് അത്യപൂര്‍വമായ യാത്രയയപ്പ് നല്‍കിയത്. ജയില്‍ അന്തേവാസികള്‍ക്ക് തന്നോടുള്ള സ്നേഹമാണ് അവര്‍ പ്രകടിപ്പിച്ചത്. അവരോടെല്ലാം വിടപറയേണ്ടി വരുന്നതില്‍ ഏറെ സങ്കടമുണ്ടെന്നും അതുകൊണ്ടാണ് യാത്രയയപ്പില്‍ കണ്ണുനിറഞ്ഞതെന്നും സന്തോഷ് പ്രതികരിച്ചു.

‘വൈകാരികമായ ബന്ധമാണ് ജയില്‍ അന്തേവാസികള്‍ക്കും പോലീസുകാര്‍ക്കും ഇടയിലുള്ളത്. കുടുംബങ്ങളിലെ ബന്ധങ്ങള്‍ക്ക് സമാനമാണിത്. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും ഞങ്ങളുതേതുമാണ്. മറ്റേതെങ്കിലും ഒരു ജോലി പോലെയല്ല ജയില്‍ വകുപ്പിലെ ജോലി. മനസുകൊണ്ട് ജോലി ചെയ്ത്, മനസുകൊണ്ട് അന്തേവാസികള്‍ ഏറ്റുവാങ്ങുന്ന ജോലിയാണിത്’, സന്തോഷ് പറഞ്ഞു.

മുപ്പത്തിയൊന്നര വര്‍ഷത്തെ സേവനത്തിനിടെ രാവും പകലുമായി ഒരുപാട് സമയംചെലവഴിച്ച ജയിലാണ് പൂജപ്പുരയിലേത്. അവസാനനിമിഷം ഇവിടെയെത്തി അന്തേവാസികളെ കാണണ്ടെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അവരെല്ലാം ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരേയും വ്യക്തിപരമായി നന്നായി അറിയാം. ബന്ധുക്കള്‍ക്ക് തന്നെക്കുറിച്ച് അറിയുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവിടെയുള്ള ജയില്‍ അന്തേവാസികള്‍ക്ക് അറിയാം. അവരുടെ കാര്യങ്ങള്‍ തനിക്കുമറിയാം. പ്രായമായ അന്തേവാസികളോട് ബഹുമാനം കലര്‍ന്ന സ്നേഹമാണ്. വാത്സല്യത്തോടെയുള്ള സ്നേഹം അവര്‍ക്ക് തന്നോടുമുണ്ട്.

കുറ്റങ്ങള്‍ ആപേക്ഷികമാണ്. അത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസരിച്ചാണ് സംഭവിക്കുക. ആത്യന്തികമായി എല്ലാവരും മനുഷ്യരാണ്. ഒരുനിമിഷത്തിലോ സാഹചര്യത്തിലോ ആണ് ഒരാള്‍ നിയമലംഘകനാകുന്നത്. അയാളുടെ വ്യക്തിത്വത്തിന്റെ മറ്റു ഘടകങ്ങളില്‍ അയാല്‍ നല്ല മനുഷ്യനായിരിക്കാം. ചെയ്ത പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലല്ല ജയില്‍ അധികൃതര്‍ അന്തേവാസികളെ നോക്കികാണുന്നത്. സംവിധാനത്തോട് അവര്‍ എന്തുമാത്രം സഹകരിക്കുന്നുവോ അത്രത്തോളം സ്നേഹം അങ്ങോട്ടും ഇങ്ങോട്ടുമുണ്ടാകും. – സന്തോഷ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ 53 ജയിലുകളിലായി നാല് വനിതാ ജയിലുകള്‍ ഒഴികെ 40ലേറെ ജയിലുകളില്‍ സഹപ്രവര്‍ത്തകരും തടവുകാരും അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയിരുന്നു. വിവിധ യാത്രയയപ്പുകളില്‍ മന്ത്രിമാരായ സജി ചെറിയാന്‍, ശിവന്‍കുട്ടി, ആര്‍ ബിന്ദു എന്നിവരും പങ്കെടുത്തു. 32 വര്‍ഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാന ഔദ്യോഗിക പരിപാടിയും പൂര്‍ത്തിയാക്കി സന്തോഷ് വിരമിച്ചത്.

1990ല്‍ ജയില്‍ വകുപ്പില്‍ പ്രവേശിച്ച സന്തോഷ് എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രധാന ജില്ലാ ജയിലുകളിലും വിവിധ തസ്തികളില്‍ ജോലി ചെയ്തു. ജീവനക്കാരുടെയും തടവുകാരുടെയും ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ട സന്തോഷ് പൂജപ്പുര സെന്‍ട്രില്‍ ജയില്‍ സൂപ്രണ്ട് പദവിയിലിരിക്കെയാണ് ജയില്‍ ആസ്ഥാനകാര്യ ഡിഐജി ആയത്. 15 വര്‍ഷത്തിലേറെ ജയില്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.

 

Back to top button
error: