ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രക്ഷോഭം, സംഘര്‍ഷം

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വന്‍ പ്രതിഷേധം. ലങ്കന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയിരക്കണക്കിന് ആളുകളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ അര്‍ദ്ധസൈനിക വിഭാഗമായ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. രാത്രി വൈകിയും പ്രതിഷേധം കനക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം. വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഡീസല്‍ ലഭ്യമല്ല, രാജ്യത്തെ 22 ദശലക്ഷം ആളുകളെ 13 മണിക്കൂര്‍ പവര്‍ക്കട്ടിലാണ്. റോഡുകളില്‍ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗര്‍ലഭ്യം കാരണം ശസ്ത്രക്രിയകള്‍ ഇതിനകം നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍.

വൈദ്യുതി പ്രശ്‌നം മൊബൈല്‍ ഫോണ്‍ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകള്‍ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകള്‍ അണച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റോഡില്‍ പ്രക്ഷോഭവുമായി എത്തിയത്. പ്രസിഡന്റും കുടുംബവും പ്രസിഡന്റ് വസതിയില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകാന്‍ ജനക്കൂട്ടം മുദ്രവാക്യം വിളിച്ചു.

പ്രസിഡന്റിന്റെ ജ്യേഷ്ഠന്‍ മഹിന്ദ രാജപക്സെ ഇപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാണ്. ഇവരിലെ ഇളയ സഹോദരന്‍ ബേസില്‍ രാജപക്സെയാണ് രാജ്യത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മൂത്ത സഹോദരന്‍ ചമല്‍ രാജപക്സെ കൃഷി മന്ത്രിയും അനന്തരവന്‍ നമല്‍ രാജപക്സെ കായിക മന്ത്രിയുമാണ്. ഇതിനാല്‍ തന്നെ രാജപക്‌സെ കുടുംബത്തിന് നേരെക്കൂടിയാണ് പ്രക്ഷോഭം. പോസ്റ്ററുകള്‍ വീശിയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമം അരംഭിച്ചതോടെ രൂക്ഷനമായ സംഘര്‍ഷം ആരംഭിച്ചു. ജനക്കൂട്ടം പോലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു, കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. രണ്ട് പോലീസുകാരെ ബൈക്കിലെത്തിയ ജനക്കൂട്ടം വളയുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. മുദ്രാവാക്യം വിളികള്‍ക്കൊപ്പം കല്ലേറുകളുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഒരു പോലീസ് ബസ് പ്രക്ഷോഭകാരികള്‍ കത്തിച്ചു.

പ്രതിഷേധസമയത്ത് രാജപക്സെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ ഇല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. ജനക്കൂട്ടം അനിയന്ത്രിതമല്ലെന്ന് കൊളംബോ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നന്ദകുമാര്‍ പറയുന്നു. ”ഇത് കുഴപ്പമില്ലാത്ത സംഭവമാണ്… ഉടന്‍ പരിഹരിക്കപ്പെടും,” അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ എന്തും ചെയ്യും എന്ന ചോദ്യത്തിന്, ”പൊലീസിന് ഇനങ്ങളോട് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ മുതല്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. പല നഗരങ്ങളിലും പ്രക്ഷോഭകാരികള്‍ പ്രധാന റോഡുകള്‍ ഉപരോധിച്ചിട്ടുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version