World

“നവാസ് ഷെരീഫും പര്‍വേസ് മുഷ്‌റഫും നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി” – വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി; അട്ടിമറിക്ക് പിന്നില്‍ യുഎസ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ കടന്നുപോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പര്‍വേസ് മുഷ്‌റഫും ഇന്ത്യയുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. നവാസ് ഷെരീഫ് നേപ്പാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാക്കിസ്ഥാനികള്‍ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.

യുഎസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഇമ്രാന്‍ ഖാന്‍, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ യുഎസ് ആണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാക്കിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ക്രിക്കറ്റിലേതു പോലെ അവസാന പന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേര്‍ന്ന് പാക്കിസ്ഥാനെ ചതിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് പാക്ക് ജനത മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി വ്യാഴാഴ്ച ചര്‍ച്ച ചെയ്തിരുന്നില്ല. പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചര്‍ച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.

 

Back to top button
error: