2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജ്ജനത്തിലൂന്നിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മദ്യനിരോധനം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മദ്യവര്‍ജ്ജനം എന്ന ലക്ഷ്യത്തിലൂന്നിയിട്ടുള്ളത്. മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്.

അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ് എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രചരണം നടത്തി ലഹരിവിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ടാണ് ”കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ – വിമുക്തി”-ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ‘ലഹരിവിരുദ്ധ ക്ലബ്ബുകള്‍’ രൂപീകരിച്ചിട്ടുള്ളതാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ആദിവാസി-തീരദേശ മേഖലകളിലെ ലഹരിവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി വരുന്നുണ്ട്. മിഷന്റെ ഭാഗമായി 65523 പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. 8107 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി വ്യക്തികളെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് സാധിച്ചു.

<span;>സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് മുന്‍തൂക്കം നല്‍കി വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിമുക്തി മിഷന്‍ വഴി നടപ്പിലാക്കും.

<span;>സ്‌കൂള്‍/കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, വിദ്യാര്‍ത്ഥികളുടെ പാഠേൃതര സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തല ജാഗ്രതാ കമ്മിറ്റികള്‍ ശക്തിപ്പെടുത്തി ജനപങ്കാളിത്തതോടെ താഴെ തട്ട് വരെ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതരായവരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.
വിമുക്തി ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ജില്ലകളില്‍ ഒരിടത്ത് മാത്രമായതിനാല്‍ എല്ലാ ജില്ലകളിലും പുതിയ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതാണ്.

ലഹരിക്കടിമപ്പെട്ടവരെ ലഹരി മോചന ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വിമുക്തി ത്വരിത സേവന വിഭാഗം ആരംഭിക്കുന്നതാണ്.
പ്രൊഫഷണല്‍ കോളേജുകളിലെ ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ആരംഭിച്ച ”നേര്‍ക്കൂട്ടം”, ഹോസ്റ്റലുകളില്‍ ആരംഭിച്ച ”ശ്രദ്ധ” എന്നീ സമിതികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും.

വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ തയ്യാറാകുന്ന കമ്പനികളില്‍ നിന്ന് ആയത് ലഭ്യമാക്കി വിമുക്തി മിഷന്റെ പ്രവര്‍ത്തനം കുടുതല്‍ വിപുലമാക്കും. കള്ള് ചെത്ത് വ്യവസായം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമാണ്. സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമം നിയമസഭ അംഗീകരിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version