KeralaNEWS

ബസ് ചാർജ് എത്ര കൂട്ടും…? ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന തീരുമാനം ഇന്ന്

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചിരുന്നു.

മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സമരം പിൻവലിച്ചത്. ബസ് ഉടമകൾക്കു പ്രത്യേകിച്ച് ഉറപ്പുകൾ ഒന്നും കൊടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോടു പറഞ്ഞു. എങ്കിലും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നു അറിയിച്ചതോടെയാണ് ബസുടമകൾ സമരം പിൻവലിക്കാൻ തയാറായത്.

ബസ് ചാർജ് വർധിപ്പിക്കാൻ നേരത്തെ തന്നെ ബസ് ഉടമകളുടെ സംഘടനകളും ഗതാഗതമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. ഇന്ധനവിലയും മറ്റും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബസ് ചാർജ് വർധന ആവശ്യപ്പെട്ടത്. ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പാക്കാൻ വൈകുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ സമരത്തിന് ഇറങ്ങിയത്.

മിനിമം ചാർജ് 12 രൂപയും വിദ്യാത്ഥികളുടെ നിരക്ക് 5 രൂപയും വർദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ഇത് 10 രൂപ 3 രൂപ ക്രമത്തിൽ ഉയർത്തിയേക്കും എന്നാണ് സൂചന. ഓട്ടോ നിരക്ക് 25 രൂപയിൽ നിന്നും 30 രൂപയായേക്കും.

അതേസമയം, കോവിഡിന്‍റെ പേരിൽ ഏർപ്പെടുത്തിയ സ്പെഷൽ ചാർജ് തുടരുന്ന സാഹചര്യത്തിൽ ഇനിയും വലിയ ചാർജ് വർധന അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാനുള്ള നീക്കവും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിച്ചിട്ടില്ലെങ്കിലും മിക്കവരും ഉയർന്ന നിരക്കാണ് ഇപ്പോഴും ഈടാക്കുന്നത്.

Back to top button
error: