Kerala

സില്‍വര്‍ ലൈന്‍: സര്‍വേ തടയാനാകില്ലെന്ന് ഹൈക്കോടതി; ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.സി.ബി.സി

കൊച്ചി: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി. രണ്ട് റിട്ട് ഹര്‍ജികള്‍ ആണ് തള്ളിയത്. സര്‍വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സില്‍വര്‍ ലൈന്‍ സ്‌പെഷ്യല്‍ പദ്ധതി അല്ലെന്നും സര്‍വേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍.നഗരേഷിന്റേതാണ് ഉത്തരവ്. കെ റെയില്‍ റെയില്‍വെയുടെ പദ്ധതിയല്ലെന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു

ഇതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ.സി.ബി.സി. രംഗത്തുവന്നു. സര്‍ക്കാര്‍ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായി അവര്‍ഗണിക്കാന്‍ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നു. സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഗൗരവമായി തന്നെ ഉള്‍ക്കൊളളണം.മൂലമ്പളളി പോലുളള മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അവഗണിക്കാനാകില്ലെന്നും കെ.സി.ബി.സി. പറഞ്ഞു.

കെ.സി.ബി.സിയുടെ പ്രസ്താവന ഇങ്ങനെ…

കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്.അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം

പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം.ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠന രീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.-കേരളാ കത്തോലിക്കാ മെത്രാന്‍ സമിതി

 

Back to top button
error: