കെ-റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി ഉണ്ടോ, വാസ്തവം എന്താണ് ?

തിരുവനന്തപുരം മുതൽ കാസർകോടുവരെ 529.45 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഗതാഗതം സാധ്യമാക്കുന്ന പദ്ധതിയാണ് സിൽവർലൈൻ സെമി ഹൈ സ്‌പീഡ്‌ റെയിൽവേ പ്രോജക്റ്റ് അഥവാ കെ റെയിൽ.11 ജില്ലകളിലായി 11 സ്റ്റേഷനുകളാകും കെ റെയിലിനുണ്ടാകുക.പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ കാസർകോട് നിന്നും തിരുവനന്തപുരം വരെ നാലുമണിക്കൂറുകൊണ്ട് യാത്രചെയ്യാനാകും.നിലവിൽ 12 മണിക്കൂറാണ് യാത്രാ സമയം. 2027ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ്  പദ്ധതി ഇട്ടിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെയും കേരള ഗവൺമെന്റിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത്. 63,940 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കുന്ന കെ-റെയിൽ പിണറായി വിജയൻ സർക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നാണ്.പദ്ധതി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും പിന്നീട് ചെലവ് സംസ്ഥാന സർക്കാർ ഒറ്റക്ക് വഹിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി.(ദേശീയപാതയ്ക്ക്(NH-66) ഇത് 75% കേന്ദ്രവും 25% കേരളവും വഹിക്കണം എന്നായിരുന്നു.കേരളം സമ്മതിച്ചതോടെ ഇന്ന് ദേശീയപാത വികസനം എല്ലാ എതിർപ്പുകളെയും മറികടന്ന് നല്ല രീതിയിൽ പുരോഗമിക്കുകയാണ്) തുടർന്ന് ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചു.
കേരളത്തിൽ നിലവിലുള്ള റെയിൽവേ സംവിധാനം അതിവേഗം വളരുന്ന സംസ്ഥാനത്തിന്റെ ഭാവിക്ക് പര്യാപ്തമാവില്ല എന്നതാണ് കെ റെയിലിന്റെ ആലോചനയ്ക്ക് പിന്നിലെ കാരണം. നിലവിലെ റെയിൽപ്പാതയിലെ വളവും, വേഗതക്കുറയ്‌ക്കലും നിർത്തിയിടലും ഒക്കെയായായി ശരാശരി മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഗതാഗതം സാധ്യമാകുന്നത്.കെ റെയിൽ വരുന്നതോടെ നിലവിലെ റെയിൽ മാർഗത്തിലെ തിരക്കൊഴിവാകുകയും കൂടാതെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്‌യുകയും ചെയ്യുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.
പന്ത്രണ്ട് വർഷമായി ചർച്ചയിലുള്ള പദ്ധതിയാണ് കെ റെയിൽ. 2009-2010 വർഷത്തെ ബജറ്റിൽ ഇടതുപക്ഷ സർക്കാരാണ് സിൽവർലൈൻ പദ്ധതി ഔദ്യോഗികമായി പരാമർശിച്ചത്. 2011 സെപ്റ്റംബറിൽ പദ്ധതി നടത്തിപ്പിനായി കേരള ഹൈ സ്‌പീഡ്‌ റെയിൽ കോർപറേഷൻ സ്ഥാപിതമായി. അന്ന് യുഡിഎഫ് സർക്കാരായിരുന്നു അധികാരത്തിൽ. അന്നും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിവിധ കക്ഷികളുമായി കൂടിയാലോചിച്ച് അഭിപ്രായ ഐക്യത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. ജനവാസ മേഖലകളിൽ തുരങ്കത്തിലൂടെയായിരിക്കും പാത കടന്നുപോകുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയെങ്കിലും അത് വർഷങ്ങളോളം നീണ്ടുപോയി.തുടർന്ന്   2017ൽ( ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്) കെ റെയിൽ കോർപറേഷൻ നടത്തിയ പൊതുജനാഭിപ്രായ സർവേയിൽ 86 ശതമാനം ആളുകളും പദ്ധതിയെ അനുകൂലിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.

 

2019ൽ ഫ്രഞ്ച് കൺസൾട്ടൻസി സിസ്ട്ര നടത്തിയ പഠനത്തിൽ കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളെക്കൂടി ബന്ധിപ്പിച്ചാൽ കെ റെയിൽ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും വിലയിരുത്തി.നിലവിലെ രൂപരേഖ പ്രകാരം തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം (കാക്കനാട് ), കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ. ഇതിൽ തിരുവനന്തപുരവും, തൃശൂരും, എറണാകുളവും ഭൂനിരപ്പിന് മുകളിലും കോഴിക്കോട് ഭൂമിക്കടിയിലുമാണ്.

 

തുടർന്ന് 2020 ഒക്ടോബറിൽ പദ്ധതി രേഖ കേന്ദ്രസർക്കാരിന് മുന്നിലെത്തി. നാലുമാസത്തിന് ശേഷം ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനത്തിനോട് കേന്ദ്രം നിർദ്ദേശിച്ചു.പദ്ധതി ചെലവുകൾക്കായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ബന്ധപ്പെടാനും കേന്ദ്രം ആവശ്യപ്പെട്ടു. 2021 മെയ് മാസത്തിൽ ഹൗസിങ് ആൻഡ് അർബൻ ഡെവലപ്പ്മെന്റ് കോർപറേഷൻ 3000 കോടി രൂപ ഭൂമിയേറ്റെടുക്കലിനായി അനുവദിക്കുകയും ചെയ്‌തു.

 

എന്നാൽ 2021 ഒക്ടോബർ ആയപ്പോൾ വിദേശ ഫണ്ടിങ്ങിന് പിന്തുണ നൽകുന്നതിൽ നിന്നും പിന്മാറുന്നുവെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.തുടർന്ന് പദ്ധതി ബാധ്യത സംസ്ഥാനം ഏറ്റെടുക്കുന്നുവെന്ന് കേരള സർക്കാർ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. പദ്ധതി പങ്കാളിത്തത്തിൽ നിന്നും കേന്ദ്രം പിന്മാറിയതോടെ കടമെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.അതായത് കേന്ദ്ര സർക്കാർ പദ്ധതിക്കെതിരല്ല,പങ്കാളിത്തത്തിൽ നിന്നും പിൻമാറുക മാത്രമാണ് ചെയ്തതെന്ന്.വളരെ ലളിതമായി പറഞ്ഞാൽ കേരളത്തിനായി പണം മുടക്കാൻ കേന്ദ്രം ഇല്ലെന്ന് !! മോദി സർക്കാർ അധികാരത്തിലേറിയ ആദ്യകാലം മുതൽ തന്നെ കേരളത്തോടുള്ള ഈ ചിറ്റമ്മ നയം പലരീതിയിലും വ്യക്തമാക്കിയിട്ടുള്ളതാണ്.പ്രളയകാലത്തായാലും കൊറോണക്കാലത്തായാലും ഒളിഞ്ഞും തെളിഞ്ഞും നാമത് പലവുരു കണ്ടും കഴിഞ്ഞു.

 

അതുപോട്ടെ കെ-റയിലിലേക്ക് തിരികെ വരാം.ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം ജൂണിലാണ് ഭൂമിയേറ്റെടുക്കലിന് സംസ്ഥാന മന്ത്രിസഭാ അനുമതി നൽകിയത്.ആകെ 1383 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടത്. ഇതിൽ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾക്കായി 20. 05 കോടി രൂപ അനുവദിച്ച് സർക്കാർ 2021 ഡിസംബർ 31ന് ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ ഓഫീസുകളുടെ ചെലവ്, ഉപകരണങ്ങൾ, ഉദ്യോഗസ്ഥർക്കുള്ള ശമ്പളം തുടങ്ങിയ വകയിലാണ് തുക അനുവദിച്ചിരിക്കുന്നത്. 13362.32 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കൽ പ്രക്രിയക്കായി ആവശ്യമായി വരിക.

 

പദ്ധതിയുടെ സാമൂഹിക ആഘാത പഠനം ആരംഭിക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.കണ്ണൂരിൽ നിന്നാണ് സർവേ ആരംഭിക്കുന്നത്. ഇതിനോടകം പദ്ധതിക്കായി കല്ലിട്ട മേഖലകളിലായിരിക്കും ആദ്യം പഠനം. കോട്ടയം ആസ്ഥാനമായ കേരള വൊളന്ററി ഹെൽത്ത് സർവീസസ് (കെ.വി.എച്ച്.എസ്) എന്ന ഏജൻസിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 100 ദിവസത്തിനകം പദ്ധതി പൂർത്തിയാക്കണം എന്നാണ് നിർദേശം. സാമൂഹിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുക. കുടിയൊഴിപ്പിക്കേണ്ടവരുടെയും പുനരധിവസിപ്പിക്കേണ്ടവരുടെയും എണ്ണം, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, തൊഴിലവസരങ്ങൾ നഷ്ടമാകുന്നവർ തുടങ്ങിയ വിഷയങ്ങളാണ് സാമൂഹിക പഠന ആഘാതത്തിൽ പ്രധാനമായും ഉൾപ്പെടുക.

 

പദ്ധതിക്കെതിരെ പ്രതിഷേധം കനത്തപ്പോൾ, കേന്ദ്രസർക്കാർ കെ റെയിൽ പദ്ധതിക്ക് നിലവിൽ പ്രാഥമിക അംഗീകാരം മാത്രമാണ് നൽകിയിട്ടുള്ളതെന്നും സാമ്പത്തിക-സാങ്കേതിക പഠനങ്ങൾക്ക് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചത്.അതായത് പദ്ധതിക്ക് അനുമതി നൽകിയിരുന്നു എന്ന് അവിടെയും വ്യക്തം.അദ്ദേഹം പറഞ്ഞ പ്രാഥമിക നടപടികളാണ് ഇപ്പോൾ കേരളത്തിൽ പുരോഗമിക്കുന്നതും.അല്ലാതെ കെ-റയിൽ നിർമ്മാണമല്ല.

 

അതേസമയം  നമ്മുടെ 12 സംസ്ഥാനങ്ങളിൽ ഹൈസ്പീഡ്  ട്രയിൻ വരുന്നുണ്ട്.എല്ലായിടത്തും അതിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്, കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളൊടെ തന്നെ!

 

മുബൈ- അഹമ്മദാബാദ് ( 508 കി.മി)
ഡൽഹി – വാരണാസി (865 കി.മി)
ഡൽഹി -അഹമ്മദാബാദ് (886 കി.മി)
മുoബൈ-നാഗപ്പൂർ (741 കി.മി)
മുംബൈ – ഹൈദരാബാദ് (711 കി മി)
ഡൽഹി – അമൃത് സർ (465 കി.മി)
ചെന്നൈ – മൈസൂർ (435 കി.മ)
വാരണാസി – ഹൗറ (760 കി.മി)
ഹൈദരാബാദ് – ബാംഗ്ലൂർ (618 കി.മി)
നാഗപ്പൂർ – വാരണാസി (855 കി.മി)
പാറ്റ്ന- ഗോഹട്ടി (850 കി.മി)
അമൃത് സർ – പത്താൻ കോട്ട് (190 കി.മി)
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version