അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു: യുക്രെയ്ന്‍

കീവ്: യുക്രെയ്‌നിനെ രണ്ടായി വിഭജിച്ച് കിഴക്കന്‍ മേഖലയെ നിയന്ത്രണത്തിലാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി കിര്‍ലോ ബുധനോവ് പറഞ്ഞു. അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും റഷ്യന്‍ അധിനിവേശ പ്രദേശത്ത് യുക്രെയ്ന്‍ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിള്‍സ് റിപ്പബ്ലിക്കായ ലുഹാന്‍സ്‌ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും അഭിപ്രായ വോട്ടെടുപ്പിനു ശേഷമാണ് റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്നത്.

യുക്രെയ്‌നിന്റെ ഊര്‍ജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യന്‍ മിസൈലുകള്‍ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടെ നല്‍കി സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ പൂര്‍ണ യുദ്ധം തുടരുമ്പോഴും യുക്രെയ്ന്‍ ശക്തമായ ചെറുത്തുനില്‍പിലൂടെ പ്രതിരോധിക്കുകയാണ്. യുദ്ധമേഖലയില്‍ നിന്ന് ജനങ്ങള്‍ക്കു രക്ഷപ്പെടാന്‍ രണ്ട് ഇടനാഴി കൂടി തുറക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലായി. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി യുക്രെയ്ന്‍ ട്രെയിനില്‍ യൂറോപ്പിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ അയച്ചു.

ഇതേസമയം, അതീവ ഗുരുതരമായ യുദ്ധക്കുറ്റം ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് സന്ദര്‍ശനത്തിനിടെ പറഞ്ഞത് വിവാദമായി. റഷ്യ ശക്തമായി പ്രതികരിച്ചതോടെ അധികാരമാറ്റമല്ല, ജനാധിപത്യ സംരക്ഷണമാണ് ഉദ്ദേശിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിശദീകരിച്ചു. വാഴ്‌സ നാഷനല്‍ സ്റ്റേഡിയത്തിലെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച ബൈഡന്‍ 100 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം അഭയാര്‍ഥികളെ യുഎസ് സ്വീകരിക്കുമെന്നും പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version